പാണത്തൂർ ലോറി അപകടം; മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാടു മുഴുവനും എത്തി

രാജപുരം ∙ പാണത്തൂർ പരിയാരത്തു ലോറി അപകടത്തിൽ മരിച്ച ലോഡിങ് തൊഴിലാളികൾക്കു പാണത്തൂർ ടൗണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര നൽകി. പാണത്തൂർ ടൗണിലെ ബിഎംഎസ് തൊഴിലാളികളായ കുണ്ടുപ്പള്ളിയിലെ കെ.എം.മോഹനൻ, വിനോദ്, എങ്കപ്പു, നാരായണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 9 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. ഡ്രൈവർ വിജയൻ, മകൻ അനീഷ് അടക്കം മറ്റുള്ള 4 പേർ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് കല്ലപ്പള്ളിയിൽ നിന്നു തടി കയറ്റി പാണത്തൂരിലേക്ക് വന്ന ലോറി പരിയാരം ഇറക്കത്തിൽ നിയന്ത്രണം വിട്ടത്. വീടിന്റെ മുറ്റത്തേക്കു കയറ്റി നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും വീടിന്റെ അലൂമിനിയം പന്തൽ തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവർ ലോറിയുടെ മുകളിലാണ് ഇരുന്നിരുന്നത്. മരകഷണങ്ങൾക്കടിയിൽ ഞെരുങ്ങിയാണു മരണങ്ങൾ സംഭവിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ 1.15ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് 4 ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ പാണത്തൂരിലേക്ക് എത്തിച്ചത്. മാവുങ്കാൽ, തട്ടുമ്മൽ, പാണത്തൂർ എന്നിവിടങ്ങളിൽ മൃതശരീരങ്ങൾ പൊതുദർശനത്തിനു വച്ചു. പാണത്തൂരിൽ വൻ ജനക്കൂട്ടമാണ് മരിച്ചവരെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. 2 മുതൽ പാണത്തൂരിൽ കടകൾ അടച്ചു ഹർത്താൽ ആചരിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുൺ രംഗത്തുമല, എം.പത്മമകുമാരി, പഞ്ചായത്തംഗങ്ങൾ, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജനറൽ സെക്രട്ടറി എൻ.മധു, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, സെക്രട്ടറി ഹരീഷ് പി.നായർ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.കുര്യാക്കോസ്, സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണൻ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ, സെക്രട്ടറി ഗോവിന്ദൻ മടിക്കൈ, എം.കുമാരൻ, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.അഷറഫ്, പാണത്തൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് പൗവ്വത്തിൽ, ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
കുണ്ടുപ്പള്ളി ഗ്രാമം ശോക മൂകം
ലോറി അപകടം നടന്ന വ്യാഴാഴ്ച മുതൽ കുണ്ടുപ്പള്ളി ഗ്രാമം ശോക മൂകമായിരുന്നു. പാണത്തൂർ പരിയാരത്തു നടന്ന ലോറി അപകടത്തിൽ മരിച്ച 4 പേരും കുണ്ടുപ്പള്ളിയിൽ നിന്ന് ഉള്ളവരാണ്. പാണത്തൂരിൽ പൊതുദർശനത്തിനു ശേഷം വീടുകളിൽ എത്തിച്ച മൃതദേഹങ്ങൾ 5 മണിയോടെ അവരവരുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംസ്കാര ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാനും നൂറുകണക്കിനു പേർ കുണ്ടുപ്പള്ളിയിൽ എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖം കാണാനാകാതെ പലരും വിതുമ്പി. മരിച്ച 4 പേരും കുണ്ടുപ്പള്ളിയിൽ അടുത്തടുത്ത വീടുകളിലാണ് താമസം. പാണത്തൂർ ടൗണിലെ ചുമട്ടു തൊഴിലാളികൾ എല്ലാവരും സഹപ്രവർത്തകർക്ക് അന്ത്യോപചാരം അർപ്പിക്കാൻ കുണ്ടുപ്പള്ളിയിൽ എത്തിയിരുന്നു.

