തിരുവാതിരയിലെ പിണറായി സ്തുതിയും പി. ജയരാജന്റ വ്യക്തിപൂജയും രണ്ട് -കോടിയേരി

തിരുവനന്തപുരം:ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരക്കളിയിൽ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ലല്ലോ അവിടെ പാടിയത്. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. സമ്മളനത്തിന് അകത്ത് നടന്നതല്ല- കോടിയേരി പറഞ്ഞു.
മുമ്പ് പി. ജയരാജനെ പുകഴ്ത്തി പാട്ടുവന്നപ്പോൾ വ്യക്തിപൂജ ആരോപിച്ച് നടപടിയെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ജയരാജന്റെ കാര്യവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്ന് കോടിയേരി പറഞ്ഞു. അതും ഇതും വ്യത്യസ്തമാണ്. പി.ജെ. ആർമി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് അത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാർട്ടി ചൂണ്ടിക്കാട്ടിയത്.
മെഗാ തിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാർട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നതുതന്നെ പാർട്ടിയുടെ ഒരു തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

