KSDLIVENEWS

Real news for everyone

പുഞ്ചിരിക്കുന്ന മുഖം കണ്ടു: ഇനി കാണണ്ട: പതിവായിപോകുന്ന വഴിയിലൂടെ അവൻ അവസാനമായി വന്നു; കണ്ണീർനനവായ്

SHARE THIS ON

തിരുവനന്തപുരം: പതിവായി നടക്കുന്ന വഴിയിലൂടെ അഫ്‌സാൻ അവസാനമായി വന്നു… നാട്ടുകാർക്കുള്ളിൽ ഒരു കണ്ണീർനനവായി… തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് അഞ്ചോടെയാണ് മൃതദേഹം പേരുമലയിലെത്തിച്ചത്. മണിക്കൂറുകൾക്കു മുൻപേ നാട്ടുകാരും ബന്ധുക്കളും ജങ്ഷനിൽ തടിച്ചുകൂടിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ജങ്ഷനിൽ പൊതുദർശനത്തിനായി സൗകര്യമേർപ്പെടുത്തിയിരുന്നു.

സ്കൂൾ വിട്ടുവരുന്ന അഫ്‌സാന്റെ മുഖമായിരുന്നു പലരുടെയും മനസ്സിൽ. നിറപുഞ്ചിരിയോടെ പതിയെ സംസാരിക്കുന്ന അഫ്സാനെ നാട്ടുകാർക്കെല്ലാം പ്രിയമായിരുന്നു.

‘മരിക്കുന്നതിന്റെ അന്നും കുഞ്ഞിനെ കണ്ടിരുന്നു. പിന്നെ കേട്ടതൊന്നും ഓർക്കാൻ വയ്യ’ -പ്രദേശവാസി വാക്കുകൾ മുറിഞ്ഞ് വിതുമ്പി. ‘പുഞ്ചിരിക്കുന്ന നല്ല മുഖം ഞാൻ കണ്ടു. ഇനി കാണണ്ടാ… ഞായറാഴ്ച വൈകീട്ടും എന്റെ കടയിൽ വന്നിരുന്നു. ബേക്കറിപ്പലഹാരം വേണമെന്നു പറഞ്ഞു. എടുത്തോളാൻ പറഞ്ഞു. ഉമ്മ രൂപ തരുമെന്നു പറഞ്ഞ്‌ മുഖത്തുനോക്കി പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. അതായിരുന്നു അവസാന കാഴ്ച’- പേരുമലയിലെ ബേക്കറിയുടമയുടെ വാക്കുകൾ.

റോഡിനു മറുവശത്തെ പേരുമല ഗവ. എൽ.പി. സ്കൂളിന്റെ മതിൽക്കെട്ടിനോടു ചേർന്ന് നിരവധിപ്പേരാണ് അഫ്‌സാനെ കാണാൻ ഓടിയെത്തിയത്. അഫ്‌സാൻ പഠിക്കുന്ന സ്കൂളിൽനിന്ന് അധ്യാപകരുമെത്തിയിരുന്നു. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞു മടങ്ങിയ കുഞ്ഞിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിറകണ്ണുകളോടെ അവർ അന്ത്യോപചാരമർപ്പിച്ചു.

കടുത്ത വേദനയിലും മകനെ തേടി ഷെമി

തിരുവനന്തപുരം: ‘‘മാമച്ചീ മകനെ കൊണ്ടുവാ’’. ഇളയ മകൻ അഫ്‌സാനെ കാണണമെന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ കാണാനെത്തിയ ബന്ധുക്കളോട് ഷെമിയുടെ ആവശ്യം. കുടുംബത്തിന് സംഭവിച്ച വൻ ദുരന്തത്തെക്കുറിച്ച് ഇതുവരെ ബന്ധുക്കൾ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയെ അറിയിച്ചിട്ടില്ല.

തിരിച്ചറിയാനാവാത്തവിധം ഷെമിയുടെ മുഖം മുഴുവൻ നീരാണെന്ന് അമ്മാവൻ നാസറുദ്ദീൻ പറയുന്നു. സംസാരിക്കുന്നത് വ്യക്തമല്ല. അഫ്‌സാനും അഫാനും കുഴപ്പമില്ലെന്നാണ് താൻ ഷെമിയോട് പറഞ്ഞിട്ടുള്ളതെന്നും നാസറുദ്ദീൻ പറഞ്ഞു. ഷെമിയുടെ സംസാരമൊന്നും വ്യക്തമല്ലെന്ന് സഹോദരൻ ഷമിറും പറയുന്നു. ശരീരമാകെ നീരാണെന്നും തളർന്ന അവസ്ഥയിലാണെന്നും ഷമിർ സഹോദരിയെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഷെമിയുടെ തലയിലേറ്റ മുറിവിൽ 13 തുന്നലാണുള്ളത്. തലയ്ക്കകത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നീർക്കെട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. എങ്കിലും ഷെമി അപകടനില തരണംചെയ്ത് തിരിച്ചു വരുമെന്ന് തന്നെയാണ് വിശ്വാസമെന്നും നാസറുദ്ദീൻ പറയുന്നു.

തലയ്ക്കേറ്റ അടി മരണകാരണമെന്നുവിലയിരുത്തൽ

തിരുവനന്തപുരം: തലയ്ക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിലയിരുത്തൽ. ചുറ്റികകൊണ്ട് തലയ്ക്കേറ്റ അടിയിൽ അഞ്ചുപേരുടെയും തലയോട്ടി തകർന്നിരുന്നു. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!