KSDLIVENEWS

Real news for everyone

മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നു, ചികിത്സ നിര്‍ത്താന്‍വരെ ആലോചിച്ചിരുന്നുവെന്ന് ഡോക്ടര്‍

SHARE THIS ON

വത്തിക്കാൻ സിറ്റി: ന്യുമോണിയബാധിതനായി 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽക്കഴിയവേ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് ഡോക്ടർ സെർജിയോ ആൽഫിയേരി. ചികിത്സനിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻവിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്നും ആൽഫിയേരി പറഞ്ഞു. ഇറ്റലിയിലെ കൊറിയേറെ ഡെല്ല സെറ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ആൽഫിയേരി മനസ്സുതുറന്നത്.

ഛർദിക്കുമ്പോൾ ശ്വാസംകിട്ടാതെവരുന്നത് പതിവായതോടെ മാർപാപ്പ അതിജീവിക്കില്ലെന്നു കരുതി. എന്നാൽ, വർഷങ്ങളായി പാപ്പയ്ക്കൊപ്പമുള്ള നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റി “എല്ലാ വഴിക്കും ശ്രമിക്കൂ; കൈവിടരുത്” എന്ന സന്ദേശമയച്ചതോടെ സാധ്യമായ സകല ചികിത്സകളും മരുന്നുകളും പരീക്ഷിച്ചു. വൃക്കകളും മജ്ജയുംവരെ തകരാറിലാക്കാനിടയുള്ളത്രയും തീവ്രമായ മരുന്നുകളാണ് 88-കാരനായ പാപ്പയ്ക്കു നൽകിയത്. വൈകാതെ, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച രണ്ടു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞു.

ചികിത്സയിൽക്കഴിഞ്ഞിരുന്ന പത്താംനിലയിലെ മുറിയിൽനിന്ന്, പുറത്തുനിൽക്കുന്ന വിശ്വാസികളെ അഭിവാദ്യംചെയ്യാൻ വെള്ളക്കുപ്പായമിട്ട് വീൽച്ചെയറിൽ പുറത്തേക്കുനീങ്ങുന്ന മാർപാപ്പയെ കണ്ട നിമിഷത്തിൽ താൻ വികാരാധീനനായെന്ന് ആൽഫിയേരി പറഞ്ഞു. ഞായറാഴ്ചയാണ് മാർപാപ്പ ആശുപത്രിയിൽനിന്ന് വത്തിക്കാനിലേക്കു മടങ്ങിയത്. രണ്ടുമാസംകൂടി അദ്ദേഹത്തിന് വിശ്രമവും ചികിത്സയും ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!