KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധം: വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും

SHARE THIS ON

ന്യൂഡൽഹി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി വിരമിച്ച സൈനിക ഡോക്ടർമാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനുളളിൽ വിരമിച്ച സൈനിക ഡോക്ടർമാരെയാണ് തിരികെ വിളിക്കുന്നത്. സൈനിക ഡോക്ടർമാരുടെ വീടിന് സമീപമുളള കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക. മെഡിക്കൽ എമർജൻസി ഹെൽപ് ലൈനിൽ കൺസൾട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റു ആരോഗ്യപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കര,നാവിക,വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്സുകളിലെ എല്ലാ മെഡിക്കൽ ഓഫീസർമാരേയും ആശുപത്രികളിൽ നിയോഗിക്കുമെന്നും ബിപിൻ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വലിയതോതിൽ മെഡിക്കൽ സൗകര്യങ്ങൾ തങ്ങൾ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളിൽ പൗരന്മാർക്ക് മിലിട്ടറി മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിലെ നഴ്സിങ് ഓഫീസർമാരേയും വൻതോതിൽ ആശുപത്രികളിൽ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്സിജൻ സിലിണ്ടറുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികൾക്ക് വിട്ടുനൽകും. ഓക്സിജനും മറ്റു അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡിനെതിരായ പോരാട്ടത്തിൽ സായുധസേന സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സംയുക്തസേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!