മാരക വൈറസ് വകഭേദം കേരളത്തിലും; ശക്തമായ രോഗവ്യാപനം ഉണ്ടായേക്കാം

തിരുവനന്തപുരം∙ ജനിതകമാറ്റം വന്നതും തീവ്ര രോഗവ്യാപന ശേഷിയുള്ളതുമായ വൈറസ് സംസ്ഥാനത്തിന്റെ പലഭാഗത്തും കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും. അതിതീവ്ര വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യമാണ് രണ്ടാം തരംഗത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനിതവ്യതിയാനം വന്ന വൈറസുകൾ ഏപ്രിൽ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത്. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വർധിക്കാനാണ് സാധ്യത. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതരിൽ 40% പേരിൽ അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ്. ഇതിൽ 30 ശതമാനത്തിൽ യുകെ സ്ട്രെയിൻ എന്ന വൈറസാണ്. 7% പേരിൽ ഡബിൾ മ്യൂട്ടന്റ് എന്ന രോഗപ്രതിരോധശേഷിയെ പോലും ബാധിക്കുന്ന വൈറസാണ്. 2 പേരിൽ ദക്ഷിണാഫ്രിക്കന്‍ വേരിയന്റാണ് കണ്ടെത്തിയത്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിധ്യം ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. വളരെ ശക്തമായ രോഗവ്യാപനം നമ്മള് മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴി. രോഗബാധയ്ക്കു കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്കിനു മുകളില്‍ മറ്റൊരു മാസ്ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല ചർച്ച നടക്കുന്നു. ആർടിപിസിആർ ടെസ്റ്റ് ന്യായമായ രീതിയിൽ നടത്തും. സ്വകാര്യമേഖലയിലെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary : CM Pinarayi Vijayan covid 19 virus variants in Kerala

