KSDLIVENEWS

Real news for everyone

സമര നേതാക്കള്‍ ആരോഗ്യമന്ത്രി വീണാജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

SHARE THIS ON

കാസര്‍ഗോഡ്: തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കാസര്‍ഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ അനിശ്ചിതകാല സമരത്തില്‍ ഗവണ്‍മെന്‍റുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി സമരസമിതി പ്രതിനിധികള്‍ കാസര്‍ഗോഡ് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ ഗവണ്‍മെന്‍റ് ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണെന്നും കാസര്‍ഗോഡ് ജില്ലയുടെ വികസനം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു വേണ്ടി സമരക്കാരുടെ സഹകരണം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സമര സംഘാടക സമിതിക്ക് ഉറപ്പ് നല്‍കി നടപ്പില്‍ വരുത്തിവരുന്ന പദ്ധതികളെ അഭിനന്ദിക്കുന്നു എന്ന് സമരസമിതി നേതാക്കള്‍ മന്ത്രിയോട് പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ആരോഗ്യരംഗത്തെ വിവിധ ആവശ്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഇവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.
വളരെ അടിയന്തിരമായി കാസര്‍കോട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ എം ആർഐ സ്കാനിങ് ഉള്‍പ്പെടെയുള്ള കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും മന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
സമര സംഘാടകസമിതി ജനറല്‍ കണ്‍വീനറായിരുന്ന കരിം ചൗക്കി, ഉപാധ്യക്ഷന്‍മാരായിരുന്ന സുബൈര്‍ പടുപ്പ്, താജുദ്ദീന്‍ പടിഞ്ഞാറ്, ഹമീദ് ചേരങ്കൈ, അബ്ദുറഹിമാന്‍ ബന്തിയോട് തുടങ്ങിയ നേതാക്കളാണ് മന്ത്രി വീണാ ജോര്‍ജുമായി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!