കള്ളപ്പണം വെളുപ്പിക്കല്‍; ഡി കെ ശിവകുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി

കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഡി.കെ ശിവകുമാറിനെതിരെയുള്ള ഇഡി റിപ്പോര്‍ട്ട്.
ബിനാമി പേരില്‍ നിരവധി സ്വത്തു രേഖകള്‍ ശിവകുമാറിന് ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടകയിലും ദില്ലിയിലുമടക്കം നിരവധി മാളുകളും ഭൂമിയുമുണ്ട്. ദില്ലിയില്‍ മാത്രം 8.5 കോടിയിലധികം രൂപയുടെ ഫ്ലാറ്റുകള്‍ ഡി കെ യുടെ പേരിലുണ്ട്.
ഇതിനായി ദില്ലി കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സികള്‍ സഹായം നല്‍കിയിട്ടുണ്ടെന്നും നികുതി വെട്ടിപ്പിന് ഡി കെ ഏജന്‍സികളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടി കാട്ടുന്നു. കേസില്‍ നിലവില്‍ ജാമ്യത്തില്‍ ആണ് ഡി.കെ.ശിവകുമാര്‍ .
‘മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല’- ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.