ഇന്ത്യ സഖ്യം വിജയിക്കും, ജൂണ്‍ 4 സ്വാതന്ത്ര്യദിനമാകും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഇന്ത്യ സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ജൂണ്‍ നാല് രാജ്യത്തെ ഒട്ടേറെ പേര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ദിവസമാകുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയമാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജൂണ്‍ നാല് രാജ്യത്തെ നിരവധി പേര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ദിവസമാകും. ജൂണ്‍ അഞ്ചിന് ഇന്ത്യ സഖ്യവും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരും (പി.ഡി.എ) പ്രബലരാകും. അതൊരു ചരിത്രദിനമാകും. ആഘോഷത്തിന്റെ ദിനമാകും.’ -അഖിലേഷ് പറഞ്ഞു. എസ്.പിയുടെ സ്ഥാനാര്‍ഥികളില്‍ യാദവ വിഭാഗത്തില്‍ നിന്നും മുസ്‌ലിം വിഭാഗത്തില്‍ നിന്നും അഞ്ചുവീതം സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്താനുള്ള തീരുമാനം തന്റെ 25 വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. തന്നെ പോലെ ഉത്തര്‍പ്രദേശിലുടനീളം സഞ്ചരിച്ച മറ്റൊരു നേതാവുമുണ്ടാകില്ല. തന്റെ അത്രയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കുകയും ഒപ്പം ഫോട്ടോയെടുക്കുകയും സംസാരിക്കുകയും ചെയ്ത മറ്റൊരു നേതാവുമുണ്ടാകില്ല. താന്‍ മണ്ണില്‍ ചവിട്ടിനിന്ന് പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.

