പിതാവല്ല, കാലൻ
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവ്
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത മകളെ 2018ലെ പ്രളയസമയത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോട്ടയം പോക്സോ കോടതി പിതാവിന് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. വെള്ളൂർ സ്വദേശിയായ പിതാവിനെയാണു കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതി അര ലക്ഷം രൂപ പിഴ അടയ്‌ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഇരയായ കുട്ടിക്കു വിക്‌ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു. കുറ്റം മറച്ചുവയ്ക്കാൻ അതിഥിത്തൊഴിലാളിയെ കരുവാക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു. വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവമെന്നാണ് പൊലീസ് കേസ്. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചു പോയി. അച്ഛന്റെ സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നത്. പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്ത് താമസിക്കുന്ന അപ്പാർട്മെന്റിലേക്കു മാറി. ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പരിശോധന നടത്തിയപ്പോഴാണു ഗർഭിണിയാണെന്നു കണ്ടെത്തിയത്. വീടിന്റെ സമീപത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളിയാണ് ഉപദ്രവിച്ചതെന്നു പറയാൻ പിതാവ് മകളെ നിർബന്ധിച്ചു. തുടർന്ന് പൊലീസ് അതിഥിത്തൊഴിലാളിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു ശേഷം കുട്ടിയെ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി, തന്നെ പിതാവ് പീഡിപ്പിച്ചതായി പറഞ്ഞത്. പിതാവിന്റെ സുഹൃത്തും ഇയാളുടെ അപ്പാർട്മെന്റിൽ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി പിന്നീട് പൊലീസിൽ മൊഴി നൽകി. ഇതിന് മറ്റൊരു കേസുണ്ട്. കോട്ടയം സ്‌പെഷൽ പോക്സോ കോടതിയായ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ.പുഷ്കരൻ ഹാജരായി.