മഹാരാഷ്ട്രയിലെ റായ് ഗഡിലെ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി
റായ്ഗഡ്: രണ്ടു ദിവസം മുമ്പ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ 18 മണിക്കൂറിന്ന് ശേഷം 5 വയസ് പ്രായമുള്ള കുഞ്ഞിനെ ജീവനോടെ രക്ഷിച്ചിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഇത്രയും ഉയർന്നത്. തിങ്കളാഴ്ച വൈകിട്ട് 6.50ഓടെയാണ് റായ്ഗഡ് മഹഡ് ടെഹ്സിൽ മേഖലയിലെ അഞ്ചുനില കെട്ടിടം തകർന്നു വീണത്. ദുരന്ത വിവരം അറിഞ്ഞയുടൻ തന്നെ പൂനെയിൽ നിന്നും NDRF സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിരുന്നു.
അന്നേ ദിവസം വൈകിട്ടോടെ ആരംഭിച്ച രക്ഷാദൗത്യം ഇന്നും തുടരുകയാണ്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇവരിൽ പലരെയും മരിച്ച നിലയിലാണ് പുറത്തെടുത്തത്.
47 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ചീട്ടുകൊട്ടാരം പോലെ കെട്ടിടം പൂർണ്ണമായും തകർന്നു വീണു എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത്രയും വലിയ ദുരന്തത്തിന് തൊട്ടുമുൻപ് എഴുപതോളം താമസക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കാൻ സാധിച്ചിരുന്നുവെന്നാണ് ജില്ലാ കളക്ടർ നിധി ചൗധരി അറിയിച്ചത്. കെട്ടിട നിർമ്മാണത്തിനായി നിലവാരം കുറഞ്ഞ ഗുണമേന്മയില്ലാത്ത സാധനങ്ങളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാതാക്കൾ, എഞ്ചിനിയർമാർ, കോൺട്രാക്ടർമാർ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിനായി ഒത്തുചേർന്നതാണ് ദുരന്തവ്യാപ്തി കുറച്ചതെന്നാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരും കുടുങ്ങിക്കിടപ്പില്ലെന്നാണ് രക്ഷാസേനയുടെ നിഗമനം. എങ്കിലും തിരച്ചില്‍ ദൗത്യം ഇപ്പോഴും തുടരുന്നുണ്ട്.