സെക്രട്ടറിയേറ്റ് തീപ്പിടുത്തം :
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം | സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച് എന്‍ ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊവിഡ് പ്രോട്ടോകോളെല്ലാം മറികടന്ന് സെക്രട്ടറിയറ്റ് പരിസരത്തും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച, ബി ജെ പി, മഹിളാ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, എസ് ഡി പി ഐ, യൂത്ത്‌ലീഗ് സംഘടനകളാണ് മാര്‍ച്ച് നടത്തിയത്: ഇതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തീപിടിത്തത്തിന് പുറമേ സ്വര്‍ണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞ് പോകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കൊല്ലത്തും കൊച്ചിയിലും പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ യു ഡി എഫ് കരിദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പരിസരത്ത് നടന്ന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു ഡി എഫ് എം എല്‍ എമാരും ജില്ലാ നേതാക്കളും പങ്കെടുത്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സുരക്ഷക്കായി വന്‍ പോലീസ് സന്നാഹം തിരുവനന്തപുരത്ത് നിലയറുപ്പിച്ചിരുന്നു. കണ്ണൂരില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ചെറുത്ത് നില്‍പ്പ് തുടര്‍ന്നതോടെ പോലീസ് ചെറിയ രീതിയില്‍ ലാത്തിവീശി. പൊതുവെ മറ്റ് ജില്ലകളില്‍ സമാധാനപരമായിരുന്നു പ്രതിഷേധങ്ങള്‍.