ജില്ലയിൽ എലിപ്പനിയും, ഡെങ്കിപ്പനിയും കൂടുന്നു.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനത്തിന് പിറകെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ എലിപ്പനി ബാധിതരുള്ളത് ബളാല്‍ പഞ്ചായത്തിലാണ്. ബളാല്‍ പഞ്ചായത്തിലെ പാത്തിക്കര കൂട്ടക്കളം കോളനിയിലെ മാധവി(51) എലിപ്പനി ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മാധവി മരിച്ചത്. കൊന്നക്കാട് സ്വദേശിയായ രണ്ടുപേര്‍ക്കും എലിപ്പനി ബാധിച്ചിട്ടുണ്ട്. ഇവരിലൊരാള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതിന് പുറമെ എലിപ്പനി ലക്ഷണങ്ങളോടെ പലരും വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഏറ്റവും കൂടുതല്‍ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തത് ബളാല്‍ പഞ്ചായത്തിലാണ്. എലിപ്പനി വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും രോഗലക്ഷണം കാണുന്നവര്‍ ഉടന്‍തന്നെ പരിശോധനക്ക് എത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ എസ്.എസ് രാജശ്രീ അറിയിച്ചു. കടുത്ത പനി, തലവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണുചുവപ്പ്, വെയിലത്ത് നോക്കാനുള്ള ബുദ്ധിമുട്ട്, പേശീവേദന, ഇടുപ്പിലും കണങ്കാലിലും രണ്ടാംഘട്ടം കലശലായ പനി, കടുത്ത നിറത്തില്‍ മൂത്രം പോകുക, മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, രക്തസ്രാവം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആദിവാസിമേഖലകളിലടക്കം ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.