പരവനടുക്കം കോവിഡ് ഫസ്സ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം – ജനകീയ വികസന സമിതി
മേൽപറമ്പ്: കാസർക്കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പരനടുക്കം കോവിഡ് ട്രീറ്റ്മെൻറ് സെന്ററിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന രാജു എന്ന ദലിത് യുവാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ആരോഗ്യ മന്ത്രിക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ – പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പരവനടുക്കം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ നിരന്തരം വീഴ്ചകൾ സംഭവിച്ച് വരുന്നതായി രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പരാതികൾ ഉയരുന്നതായി അറിയാനിടയാവുന്നുണ്ട്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിന്റെ ചുമതലയുള്ള ഡോക്ടർക്ക് (ചെമ്മനാട് പഞ്ചായത്തിൽ ഒരു ഫാമിലി ഹെൽത്ത് സെന്ററും (FHC) ഒരു പ്രാഥമികാരോഗ്യ സെന്ററും, ( PHC ) ഉണ്ടെങ്കിലും ) ആകെയുള്ള 23 വാർഡിൽ 21 വാർഡിലും ചുമതലകൾ നിർവ്വഹിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ കളനാട് PHC യിലെ ഡോക്ടർക്ക് വെറും രണ്ട് വാർഡുകളിലെ മാത്രം ചുമതലകൾ നിർവ്വഹിച്ചാൽ മതിയാകും. ഡോക്ടറുടെ
അമിതമായ ജോലി ഭാരം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റ് ഇനിയും മരണ സംഖ്യ ഉയരാൻ ഇടയാക്കാൻ കാരണമാകരുതെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
സൈഫുദീൻ കെ. മാക്കോട്, ഗണേഷൻ അരമം ഗാനം, അനൂപ് കലനാട് ,ബഷീർ കുന്നരിയത്ത്.അബ്ദുറഹിമാൻ കല്ലട്ര, അബ്ബാസ് കൈനോത്ത്, ഫസൽ റഹ്മാൻ എഫ്.ആർ.ജലീൽ മേൽപറമ്പ എന്നിവർ ഓൺ ലൈൻ യോഗത്തിൽ സംസാരിച്ചു.