KSDLIVENEWS

Real news for everyone

നാടുവിട്ട് മുസ്‌ലിം കുടുംബങ്ങള്‍; ബില്‍ക്കീസ് ബാനു കേസില്‍ കുറ്റവാളികളെ വിട്ടയച്ചതോടെ ഭയം

SHARE THIS ON

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു കേസില്‍ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് 11 കൊടുംകുറ്റവാളികളെ ശിക്ഷ ഇളവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നും വിട്ടയച്ചതിന് പിന്നാലെ നാടുവിട്ട് മുസ്‌ലിം കുടുംബങ്ങള്‍. രാന്ദിക്പൂര്‍ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളാണ് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച്‌ പോയത്.

കുറ്റവാളികളെ വീണ്ടും ജയിലില്‍ അടച്ചാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങൂ എന്ന് നിലവില്‍ ദേവ്ഗധ് ബാരിയ എന്ന സ്ഥലത്ത് തങ്ങുന്ന കുടുംബങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ദേവ്ഗധ് ബാരിയയിലെ ക്പഡി എന്ന സ്ഥലത്തെ റഹീമാബാദ് കോളനിയിലാണ് ഇവര്‍ കഴിയുന്നത്. നിരവധി കുടുംബങ്ങളാണ് രാന്ദിക്പൂര്‍ ഗ്രാമത്തില്‍നിന്നും പലായനം ചെയ്ത് ഇവിടെ എത്തിയിരിക്കുന്നത്. ബില്‍ക്കീസ് ബാനുവും കുടുംബവും ഇവിടെയാണ് ജീവിക്കുന്നത്.

’11 പേരെയും വിട്ടയച്ചപ്പോള്‍ അവര്‍ പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളങ്ങളോടെയും ആഘോഷിക്കുകയായിരുന്നു. അതോടെ ഞങ്ങള്‍ക്ക് ഭയമായി. അങ്ങനെയാണ് നാടു വിടാന്‍ തീരുമാനിച്ചത്. വിട്ടയച്ച കുറ്റവാളികളെ വീണ്ടും ജയിലിലാക്കണമെന്നും ബില്‍ക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ദാഹോദ് കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അത് സംഭവിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് തിരികെ ഗ്രാമത്തിലേക്ക് പോകില്ല’ -സമീര്‍ ഗാച്ചി എന്നയാള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ വിവാദ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലോല്‍, പ്രഫ. രൂപ് രേഖ് വര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളില്‍ ജയില്‍മോചിതരായ 11 കുറ്റവാളികളെയും സുപ്രീംകോടതി കക്ഷിചേര്‍ത്തിട്ടുണ്ട്.

കുറ്റവാളികളുടെ കൃത്യം ഭയാനകമാണെന്നതുകൊണ്ട് മാത്രം ശിക്ഷാ ഇളവ് നല്‍കിയത് തെറ്റാണെന്ന് പറയാന്‍ പറ്റുമോ എന്നാണ് ജസ്റ്റിസ് രസ്തോഗി ചോദിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ദിനേനെയെന്നോണം ഇളവ് ലഭിക്കുന്നുണ്ടെന്നും ഈ കേസില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!