KSDLIVENEWS

Real news for everyone

‘ഭാരത് ജോഡോ യാത്ര കേരളം വിട്ടില്ല’, ‘രാജസ്ഥാനും കയ്യാലപ്പുറത്ത്’; കടുത്ത സമ്മര്‍ദ്ദത്തില്‍ ഹൈക്കമാന്‍ഡ്

SHARE THIS ON

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളം വിടും മുന്നേ, കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി രാജസ്ഥാന്‍ ‘നാടകം’. കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നിശ്ചയിച്ച അശോക് ഗെലോട്ട് രായ്ക്കു രാമാനം രാജസ്ഥാനില്‍ നടത്തിയ അട്ടിമറി നീക്കം യാത്രയുടെ തന്നെ ശോഭ കെടുത്തുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര കേരളത്തില്‍ പ്രവേശിച്ചതിന് പിന്നാലെ, ഗോവയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് രാഷ്ട്രീയ എതിരാളികള്‍ ആഘോഷമാക്കിയിരുന്നു. അതിന്റെ ചൂടാറും മുമ്ബാണ് രാജ്യത്ത് കോണ്‍ഗ്രസ് ഭരണം ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടി പ്രതിസന്ധി നേരിടുന്നത്.

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ എന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചത് ഒന്നര മാസം മുന്‍പാണ്. ഈ സന്ദേശം താഴേ തട്ടിലെത്തിക്കാന്‍ എഐസിസിക്ക് സോണിയ നിര്‍ദ്ദേശവും നല്‍കി. കേരളം പോലുള്ള ഘടകങ്ങള്‍ ഗെലോട്ടിനെ പിന്തുണയ്ക്കാന്‍ തയ്യാറായി. ഗെലോട്ട് അധ്യക്ഷനായാല്‍, സച്ചിന്‍ പൈലറ്റിന് നേരത്തെ പ്രിയങ്ക വാഗ്‍ദാനം ചെയ്ത മുഖ്യമന്ത്രി പദം കാര്യമായ എതിര്‍പ്പില്ലാതെ കൈമാറാമെന്ന് മനക്കോട്ട, ഇതിനിടെ കോണ്‍ഗ്രസിലെ ചിലര്‍ കെട്ടി. നേരത്തെ രാജസ്ഥാനിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെട്ട പ്രിയങ്ക സച്ചിന് വാക്ക് നല്‍കിയതാണ്.

‘അശോക് ഗെലോട്ട് വേണ്ട’; ഹൈക്കമാന്‍ഡിന് മനം മാറ്റം, ഗെലൊട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

അധ്യക്ഷനാകുന്ന ഗെലോട്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന് ഹൈക്കമാന്‍ഡ് കരുതി. പക്ഷേ നേതാക്കള്‍ മരത്തില്‍ കണ്ടത് മാനത്തില്‍ കണ്ട ഗെലോട്ട്, കയറി കളിച്ചു. ഇന്നലെ രാത്രി ജയ‍്‍പൂരില്‍ കണ്ട കാഴ്ചകള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു. എംഎല്‍എമാര്‍ രാജി വയ്ക്കാന്‍ തയ്യാറായത് തന്‍റെ അറിവില്ലാതെയായിരുന്നുവെന്ന ഗെലോട്ടിന്റെ വാക്ക് ആരും കണക്കിലെടുക്കുന്നില്ല. ഇതോടെ, ഹൈക്കമാന്‍ഡിനെ ധിക്കരിച്ച്‌ അട്ടിമറി നടത്തിയ ഗെലോട്ടിനെ ഇനി എങ്ങനെ വിശ്വസിക്കും എന്നായി ചോദ്യം.

ഇപ്പോള്‍ സമ്മര്‍ദ്ദത്തില്‍ ഹൈക്കമാന്‍ഡാണ്. രാഹുലിന്റെ ജാഥയ്ക്ക് ക്ഷീണം തട്ടാതെ നോക്കണം. രാജസ്ഥാനിലെ സര്‍ക്കാര്‍ വീഴാതെ നോക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേരുകള്‍ കണ്ടെത്തണം. മുകുള്‍ വാസ്നിക്കും ദ്വിഗ്‍വിജയ് സിംഗും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമല്‍നാഥുമാണ് ചര്‍ച്ചയിലുള്ളത്. രാജസ്ഥാനിലെ കാഴ്ചകള്‍ നല്‍കിയ ആവേശത്തില്‍ മത്സരിക്കുമെന്ന് തരൂര്‍ ഇന്ന് പരസ്യമായി അറിയിച്ചിട്ടുണ്ടെങ്കിലും ശശി തരൂരിനെ പിന്തുണയ്ക്കാന്‍ ഇപ്പോഴും എഐസിസി തയ്യാറല്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ഗോവയിലെ പാര്‍ട്ടി പിളര്‍ന്നത്. എട്ട് എംഎല്‍എമാര്‍ കളം മാറി. അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. യാത്രയുടെ ആവേശം കെടുത്തുന്നതാണ് രാജസ്ഥാനില്‍ കണ്ട നാടകീയ നീക്കങ്ങള്‍. രാജസ്ഥാന്‍ സര്‍ക്കാരും ആടി ഉലയുമ്ബോള്‍ നേരിടാന്‍ കഴിയാത്ത ദൗര്‍ബല്യം കൂടിയാണ് കോണ്‍ഗ്രസ് തലപ്പത്ത് പ്രകടമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!