പുരാവസ്തു തട്ടിപ്പ് കേസ്: മോണ്സണ് മാവുങ്കലിന് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതി മോണ്സണ് മാവുങ്കലിന് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. പോക്സോ കേസിലുള്‍പ്പെടെ മോണ്സണ് പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ നടപടി. പോക്സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി മോണ്സണ് സുപ്രിം കോടതിയെ സമീപിച്ചത്.
പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോന്സണ് ഹരജിയില്‍ ആരോപിക്കുന്നു. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മൂന്ന് പീഡനക്കേസുകള്‍ ചുമത്തിയതെന്നും ഹരജിയിലുണ്ട്. ഇതില്‍ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്. മോണ്‍സന്റെ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിട്ടുണ്ട്.
ജാമ്യത്തിനായി നല്കിയ ഹരജി മോണ്‍സന്റെ അഭിഭാഷകന് പിന്‍വലിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്സണ് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

