KSDLIVENEWS

Real news for everyone

കൃത്യമായ നിരീക്ഷണം, ഫണ്ട് സമാഹരണവും തകൃതി: തദ്ദേശം പിടിക്കാന്‍ ഒരുങ്ങി തന്നെ യുഡിഎഫ്; മുന്നേറ്റം ആവര്‍ത്തിക്കാന്‍ എൽ.ഡി.എഫ്

SHARE THIS ON

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ വ്യക്തമാക്കിയതോടെ പ്രാഥമിക ചര്‍ച്ചകളിലേക്ക് കടന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഇടങ്ങളില്‍ എല്‍ഡിഎഫും 375 ഇടങ്ങളില്‍ യുഡിഎഫും 23 സ്ഥലത്ത് ബിജെപിയും 29 സ്ഥലത്ത് മറ്റു പാര്‍ട്ടികളുമാണ് വിജയിച്ചത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 108 ഇടങ്ങളിലും യുഡിഎഫ് 44 ഇടങ്ങളിലും ആധിപത്യം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്തുകളിലേക്ക് വന്നാല്‍ 14 ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നിടത്തും എല്‍ഡിഎഫ് ആണ് വിജയിച്ചത് യുഡിഎഫില്‍ വിജയിക്കാന്‍ കഴിഞ്ഞത് രണ്ടിടത്ത് മാത്രം.

വയനാട്ടില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. മുനിസിപ്പാലിറ്റികളില്‍മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വാസം. 86 മുനിസിപ്പാലിറ്റികളില്‍ 45 സ്ഥലത്ത് യുഡിഎഫും 35സ്ഥലത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയുമാണ് ജയിച്ചത്. നാല് സ്ഥലങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ ജയിച്ചു. കോര്‍പ്പറേഷനുകളില്‍ അഞ്ചും എല്‍ഡിഎഫും ഒന്ന് യുഡിഎഫും സ്വന്തമാക്കി. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടിറങ്ങുന്ന എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം അനിവാര്യമാണ് അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ യുഡിഎഫിനും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കിയേ പറ്റൂ. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ഡിസംബര്‍ 20ന് മുമ്പ് മട്ടന്നൂര്‍ ഒഴികെ എല്ലായിടത്തും പുതിയ ഭരണസമിതി അധികാരത്തില്‍ വരേണ്ടതുണ്ട്. സംഘടനാശേഷി പരമാവധി ഉപയോഗിച്ച് കളത്തിലേക്ക് ഇറങ്ങുകയാണ് എല്‍ഡിഎഫ്. ഈ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്നിരിക്കെ തദ്ദേശം പിടിക്കാന്‍ തീവ്ര യജ്ഞത്തിലാണ് കോണ്‍ഗ്രസ്

വാര്‍ഡ് കമ്മിറ്റികള്‍ സജ്ജം; കുടുംബ സംഗമങ്ങളും പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസ് സജ്ജമാക്കിക്കഴിഞ്ഞു. വാര്‍ഡ് കമ്മിറ്റികളുടെ കുടുംബ സംഗമങ്ങളും നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമുള്ള സ്ഥലങ്ങളില്‍ വികസന ജാഥയും ഭരിക്കാത്ത സ്ഥലങ്ങളില്‍ കുറ്റവിചാരണ ജാഥകളും സജീവമായി സംഘടിപ്പിക്കുന്നുണ്ട്. വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടിക പുതുക്കലിലും സിപിഎം ക്രമക്കേട് നടത്തിയെന്ന വാദം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെയും കോടതിയിലും ചോദ്യം ചെയ്യാനുള്ള നടപടികളും ഊര്‍ജ്ജിതമായി കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നുണ്ട്. പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രാദേശികതല പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്.നറുക്കെടുപ്പിന് മുമ്പാകെ വാര്‍ഡ് പ്രസിഡന്റുമാരുടെ ക്യാമ്പുകള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം പൂര്‍ത്തിയായിട്ടുണ്ട്. ഡിസിസി, കെപിസിസി പ്രസിഡന്റുമാര്‍ പങ്കെടുത്ത കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി.

റിബലുകളെ നേരിടാന്‍ പ്രത്യേക നീക്കം

ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും വാര്‍ഡ് തലത്തില്‍ തന്നെയാണ് തീരുമാനിക്കുക. ജില്ലാ പഞ്ചായത്തിലേക്ക് ഡിസിസിയും ബ്ലോക്ക് പഞ്ചായത്തിലേക്ക് അവിടുത്തെ ബ്ലോക്ക് കമ്മിറ്റികളുടെ ജോയിന്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്യുന്ന പേര് ഡിസിസി അംഗീകരിക്കും. യുവാക്കള്‍ക്ക് മികച്ച പ്രാധാന്യം നല്‍കുന്നതാവും സ്ഥാനാര്‍ത്ഥി പട്ടിക. പുതുമുഖങ്ങളെയും പരിചയസമ്പന്നരേയും സമന്വയിപ്പിച്ച പട്ടികയാവും പുറത്തിറക്കുക എന്നതാണ് വിവരം. റിബലുകള്‍ ഇല്ലാതെ സമവായം ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. റിബലുകള്‍ താരതമ്യേന കുറവായിരിക്കും എന്നാണ് കരുതുന്നത്. റിബലുകള്‍ ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും ഉണ്ടാവുകയാണെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും വിവരമുണ്ട്.

ഫണ്ട് സമാഹരണം തകൃതി ; ഓരോ വാര്‍ഡില്‍ നിന്നും 60000

തിരഞ്ഞെടുപ്പിനുള്ള ധനസമാഹരണവും കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്. ഒരു വാര്‍ഡില്‍നിന്ന് അറുപതിനായിരം രൂപയാണ് പിരിച്ചെടുക്കേണ്ടത്. ഇതിന്റെ ഭാഗമായി ലഘുലേഖയുമായി പ്രവര്‍ത്തകര്‍ വീടു കയറുന്നുണ്ട്. 2024 ജൂലൈയില്‍ ചേര്‍ന്ന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ തീരുമാനിച്ച പ്രകാരമുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം കെപിസിസി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കെപിസിസി എഐസിസിക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രീ ടയര്‍ ഒബ്‌സര്‍വേഷനാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. എഐസിസി, കെപിസിസി, ഡിസിസി തലങ്ങളിലാണ് നിരീക്ഷണം. നറുക്കെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ മുന്നണി ചര്‍ച്ചകളിലേക്കും കടക്കും. കക്ഷികളുമായി സീറ്റ് വിഭജന സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കും കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!