കാട്ടാനക്കൂട്ടത്തെ തുരത്താൻ നാട്ടുകാരും വനപാലകരും രംഗത്ത് ;
മുളിയാർ വനത്തിൽ നിന്നും തുരത്തിയ കാട്ടാനക്കൂട്ടം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു ;

എരിഞ്ഞിപ്പുഴ: മുളിയാർ വനത്തിൽനിന്ന് തുരത്തിയ ആനക്കൂട്ടം തിരിച്ചുവരുന്നു. നാട്ടുകാർ സംഘടിച്ച് സാഹസികമായി നാടുകടത്തിയവ പൂർവാധികം ശക്തിയോടെയാണ് മടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് ആറ് ആനകളെയാണ് വനപാലകരും നാട്ടുകാരും തുരത്തിയതെങ്കിൽ തിരിച്ചുവരുമ്പോൾ അവ മൂന്നിരട്ടിയിലധികമായി. 19 ആനകളാണ് വെള്ളിയാഴ്ച പാണൂർ വനമേഖലയിലെത്തിയത്. ഇവ മുഴുവൻ നാട്ടിലിറങ്ങിയാൽ കൃഷിയിടവും കിടപ്പാടവും നശിപ്പിക്കും. ഇവയെ തുരത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ നാട്ടുകാർ. വയനാട്ടിൽനിന്ന് ദ്രുതകർമസേനയും വന്നിട്ടുണ്ട്. 19 ആനകളും ചെറുവനമായ മുളിയാറിലെത്തുമോയെന്നാണ് ആശങ്ക. ഇവയ്ക്ക് ഒരുദിവസം തിന്നാനുള്ള വക ഈ വനത്തിലില്ല. വീണ്ടും നാശനഷ്ടം
വെള്ളിയാഴ്ച രാത്രി വൈകി നെയ്യംകയം വേലി തകർത്ത ഒരുകൂട്ടം ആനകൾ നാരായണൻ നായർ, കുഞ്ഞമ്പു നായർ തുടങ്ങിയവരുടെ 65-ലേറെ കവുങ്ങിൻതൈകൾ, ഒട്ടേറെ വാഴ എന്നിവ നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയോടെ എരിഞ്ഞിപ്പുഴ പാലത്തിനു മുകൾഭാഗത്തുള്ള തുരുത്തിയിൽ തമ്പടിക്കുകയും രാവിലെ വനത്തിൽ കയറുകയും ചെയ്തു.
മറ്റൊരു ആനക്കൂട്ടം പാണ്ടി വനത്തിനോട് ചേർന്ന തീർഥക്കര, ചൊട്ടത്തോൽ പ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. പീതാംബരൻ നായർ, വിനോദ് കുമാർ, പി. പ്രസന്നൻ, നാരായണൻ നായർ തുടങ്ങിയവരുടെ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും തകർത്തു.

