ചെങ്കൽ ക്വാറികളിൽ വിജിലൻസിന്റെ പരിശോധന

കുമ്പള: ഇടനാട് വില്ലേജിലെ അനന്തപുരം കിൻഫ്ര പാർക്കിന് സമീപം പ്രവർത്തിക്കുന്ന ചെങ്കൽക്വാറികളിൽ വിജിലൻസ് പരിശോധന നടത്തി. അനുമതിയുമില്ലാതെ ഏക്കർകണക്കിന് സ്ഥലങ്ങളിൽനിന്ന് ചെങ്കല്ല് മുറിച്ചുകടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. നടപടിയെടുക്കുന്നതിന് ജിയോളജിവകുപ്പിന് റിപ്പോർട്ട് നൽകി. ഇടനാട് വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1000 രൂപയും കണ്ടെത്തി. വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ സീനിയർ സൂപ്രണ്ട് രാജീവ്കുമാർ, എസ്.ഐ. ശശിധരൻ പിള്ള, എ.എസ്.ഐ. ശ്രീനിവാസൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, മനോജ്, സുരേഷ് എന്നിവർ സംബന്ധിച്ചു.

