ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബഷേമ മന്ത്രാലയങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ഡ് രാജ്യാന്തര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു. അവശ്യ സര്‍വിസുകള്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും വാക്സിനേഷന്‍ വര്‍ധിക്കുകയും ചെയ്തതോടെ എയര്‍ ബബിള്‍ ക്രമീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് കഴിഞ്ഞ ജൂലൈ മുതല്‍ 28 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസ് ആരംഭിച്ചിരുന്നു.
രണ്ടു മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ മേയിലാണ് ആഭ്യന്തര സര്‍വിസുകള്‍ പുനരാരംഭിച്ചത്.
വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇന്ത്യയിലേക്കും പുറത്തും ഷെഡ്യൂള്‍ഡ് വാണിജ്യ രാജ്യാന്തര സര്‍വിസ് പുനരാരംഭിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ, ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം ബി.1.1.529 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു.