അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദേശം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ 10 മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. ഇന്നത്തെ രണ്ടാമത്തെ ശിശുമരണമാണിത്. അതിനിടെ അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയരക്ടർ ടി.വി അനുപമക്ക് നിർദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10ന് അഗളിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുക്കും. അഗളി, പൂതൂർ പഞ്ചായത്തുകളിലാണ് അരിവാൾ രോഗബാധയെ തുടർന്ന് മരണമുണ്ടായത്