KSDLIVENEWS

Real news for everyone

വമ്പനടിക്കാരെ വീഴ്ത്തി ബിഷ്‌ണോയ്; രണ്ടാം ടി20-യില്‍ ഓസീസിനെ 44 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

SHARE THIS ON

തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ യുവനിര. 44 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 236 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. 236 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി സ്റ്റീവ് സ്മിത്ത് – മാത്യു ഷോട്ട് ഓപ്പണിങ് സഖ്യം നന്നായി തന്നെ തുടങ്ങി. ഇതോടെ മൂന്നാം ഓവറില്‍ രവി ബിഷ്‌ണോയിയെ കൊണ്ടുവന്ന സൂര്യകുമാറിന്റെ നീക്കം ഫലം കണ്ടു. 10 പന്തില്‍ 19 റണ്‍സെടുത്ത ഷോട്ട് പുറത്ത്. പിന്നാലെ അപകടകാരിയായ ജോഷ് ഇംഗ്ലിസിനെയും (2) മടക്കിയ ബിഷ്‌ണോയ് ഓസീസിനെ പ്രതിരോധത്തിലാക്കി. ആറാം ഓവറില്‍ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (12) വീഴ്ത്ത് അക്ഷര്‍ പട്ടേലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. പിന്നാലെ എട്ടാം ഓവറില്‍ സ്മിത്തും (19) മടങ്ങിയതോടെ ഓസീസ് നാലിന് 58 എന്ന നിലയിലേക്ക് വീണു. പക്ഷേ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്‌നിസ് – ടിം ഡേവിഡ് സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. 7.2 ഓവറില്‍ 58 റണ്‍സുണ്ടായിരുന്ന സ്‌കോര്‍ ഇരുവരും ചേര്‍ന്ന് 13.2 ഓവറില്‍ 139-ല്‍ എത്തിച്ചു. എന്നാല്‍ 14-ാം ഓവറിലെ നാലാം പന്തില്‍ ഡേവിഡിനെ വീഴ്ത്തി ബിഷ്‌ണോയ് വീണ്ടും ടീമിന്റെ രക്ഷയ്‌ക്കെത്തി. 22 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 37 റണ്‍സായിരുന്നു ഡേവിഡിന്റെ സമ്പാദ്യം. തുടര്‍ന്ന് 25 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത സ്‌റ്റോയ്‌നിസിനെ മടക്കി മുകേഷ് കുമാറും ടീമിന്റെ ആശങ്കയകറ്റി. 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ മാത്യു വെയ്ഡ് 23 പന്തില്‍ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 42* റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ മൂന്ന് മുന്‍നിര താരങ്ങളുടെ അര്‍ധ സെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിരുന്നു. യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് അര്‍ധ സെഞ്ചുറി നേടിയ താരങ്ങള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ സമ്മാനിച്ചത്. പവര്‍പ്ലേയില്‍ തന്നെ ജയ്സ്വാള്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 25 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റണ്‍സുമായി താരം മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 77-ല്‍ എത്തിയിരുന്നു. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാന്‍ കിഷന്‍ സഖ്യത്തിന് തുടക്ക ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും 12-ാം ഓവറിന് ശേഷം ഇരുവരും ഗിയര്‍മാറ്റി. കിഷനായിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ 50 തികച്ചതിനു പിന്നാലെ താരത്തെ മാര്‍ക്കസ് സ്റ്റോയ്നിസ് പുറത്താക്കി. 32 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സായിരുന്നു കിഷന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ഋതുരാജിനൊപ്പം 87 റണ്‍സ് ചേര്‍ത്ത ശേഷമാണ് കിഷന്‍ മടങ്ങിയത്. 43 പന്തുകള്‍ നേരിട്ട ഋതുരാജ് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 19 റണ്‍സുമായി മടങ്ങി. അഞ്ചാമനായി ഇറങ്ങി പതിവ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റിങ്കു സിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 222-ല്‍ എത്തിച്ചത്. വെറും ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു നാല് ഫോറും രണ്ട് സിക്സും പറത്തി 31 റണ്‍സുമായി പുറത്താകാതെ നിന്നു. തിലക് വര്‍മ രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്തു. ഓസ്ട്രേലിയക്കായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!