KSDLIVENEWS

Real news for everyone

ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍, ആദ്യ ദിനം എത്തിയത് കാല്‍ ലക്ഷം പേര്‍

SHARE THIS ON

കാസകോട്: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മനോഹാരിത ആസ്വദിക്കാന്‍ ജനങ്ങളുടെ ഒഴുക്ക്. ആദ്യ ദിനം ബേക്കലില്‍ എത്തിയത് കാല്‍ ലക്ഷം പേര്‍. മുന്‍കൂട്ടി പാസ്സ് വാങ്ങിയവര്‍ക്ക് പുറമെ തത്സമയം പാസ് സംഘടിപ്പിച്ചും ആളുകള്‍ മേളയുടെ ഭാഗമായി. കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഫെസ്റ്റിവല്‍ നഗരിയില്‍ എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ ഓരോ കാഴ്ചയും ആസ്വദിക്കാനായി. പാസുമായി വരുന്നവര്‍ നേരത്തെ തന്നെ അതില്‍ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വരണമെന്നു സംഘാടകര്‍ അറിയിച്ചു.

ശബ്ദ മാസ്മരികത…
ഗംഭീരം സൂഫി സംഗീത വിരുന്ന്

ബേക്കലിനെ ആഘോഷലഹരിയിലാഴ്ത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലില്‍ ശബ്ദം കൊണ്ട് കാണികളെ ആകര്‍ഷിച്ചു നൂറന്‍ സഹോദരിമാര്‍.
ആദ്യദിനമായ ശനിയാഴ്ച പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ സാക്ഷിയായത് ന്യൂജെന്‍ പവര്‍ഹൗസ് സൂഫി ഗായകരായ നൂറാന്‍ സിസ്റ്റേഴ്സിന്റെ ആകര്‍ഷകമായ പ്രകടനങ്ങള്‍ക്ക്. ഓരോ സൂഫി സംഗീത പ്രേമികളെയും തങ്ങളുടെ മാസ്മരിക ശബ്ദഗാംഭീര്യത്താല്‍ അവര്‍ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. കേരളത്തിലെ ആദ്യ അവതരണം കൊണ്ട് തന്നെ അവര്‍ ആസ്വാദക ഹൃദയത്തില്‍ ചേക്കേറി. കടല്‍ തീരത്തെ മനോഹാരതയില്‍ ഏറ്റവും വലിയ സൂഫീ സായാഹ്നമാണ് സംഗീത പ്രേമികള്‍ക്കായി സംഘാടകര്‍ ഒരുക്കിയത്.

ഇന്ത്യയിലെ ജലന്ധറില്‍ നിന്നുള്ള സൂഫി ആലാപന ജോഡിയാണ് നൂറന്‍ സഹോദരിമാര്‍ ജ്യോതി നൂറന്‍, സുല്‍ത്താന നൂറന്‍. ശക്തമായ ശബ്ദ ഗാംഭീര്യം കൊണ്ട് ആരുടേയും മനസ് കീഴടക്കുന്ന സംഗീതം, അതാണ് നൂറന്‍ സഹോദരിമാരുടെ പ്രത്യേകത. പ്രശസ്തനായ സൂഫി ഗായകന്‍ ഉസ്താത് ഗുല്‍ഷന്‍ മിര്‍ന്റെ മക്കളായ ഇരുവരും അദ്ധേഹത്തിന്റെ ശിക്ഷണത്തില്‍ തന്നെയാണ് സൂഫി സംഗീതത്തില്‍ കഴിവ് തെളിയിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ ആണ് അവരുടെ സംഗീത പാരമ്പര്യം വേരുറച്ചത്. അവിടെയാണ് അവരുടെ ജന്മസ്ഥലവും. അച്ഛന്റെ ശിക്ഷണത്തില്‍ പത്തു വര്‍ഷത്തിലേറെയായി പാരമ്പര്യ സൂഫി സംഗീതം ഇരുവരും പഠിച്ചു. ഇരുവരുടെയും മുത്തശ്ശിയായ ബീബി നൂറന്‍ എഴുപതുകളിലെ പ്രശ്സതയായ സൂഫി ഗായികയായിരുന്നു. നൂറന്‍ സിസ്റ്റേഴ്സ് എന്ന പേര് അങ്ങനെയാണ് ലഭിച്ചത്. ഷാം ചൗരസ്യ, ഘരാന ശാസ്ത്രീയ സംഗീതമാണ് അവര്‍ അവതരിപ്പിക്കുന്നത്.

അള്ളാ ഹൂ എന്ന ഗാനത്തോടെയാണ് സംഗീത സായാഹ്നം ആരംഭിച്ചത്. തുടര്‍ന്ന് ദാമാ ഡാം മസ്ത് കലന്ദറില്‍ തുടങ്ങി ജനപ്രിയ അവതരണങ്ങളിലൂടെ സദസ്സിനെ ആകര്‍ഷിച്ചു. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടതായി വിളിക്കുന്ന ഹൈവേ എന്ന ചിത്രത്തിലെ ‘പതാഖ ഗുഡ്ഡി എന്ന ഗാനവും ആലാപിച്ചു. കാണികളെ കയ്യിലെടുക്കും വിധമായിരുന്നു അവരുടെ പ്രകടനങ്ങള്‍. മണിക്കൂറുകളോളം നീണ്ടുനിന്ന സംഗീതരാവില്‍ ഒരു നിമിഷം പോലും തങ്ങളുടെ പ്രസരിപ്പ് ചോര്‍ന്നു പോവാതെ നോക്കുവാനും നൂറന്‍ സഹോദരിമാര്‍ക്ക് സാധിച്ചു.

കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലെ സംഗീത സായാഹ്നത്തിലൂടെ സൂഫി സംഗീതത്തെ അറിയുവാനും ആസ്വദിക്കുവാനും കാസര്‍കോട്ടുകാര്‍ക്ക് സാധിച്ചു. സൂഫി സംഗീതത്തിന്റെ അപൂര്‍വ്വരാഗങ്ങള്‍ ആസ്വദിക്കാനായി നൂറുകണക്കിനാളുകളാണ് പള്ളിക്കര ബീച്ചില്‍ എത്തിയത്. നിഗൂഢമായ പ്രണയത്തിന്റെയും ദൈവിക ആനന്ദത്തിന്റെയും സംഗീതസാഗരത്തില്‍ സംഗീതപ്രേമികള്‍ മതിമറന്നൊഴുകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!