KSDLIVENEWS

Real news for everyone

പണ്ഡിതന്മാര്‍ കുത്തിത്തിരിപ്പിനും ഫിത്നക്കും സാഹചര്യമുണ്ടാക്കരുത്; സമസ്തയിലെ പ്രശ്നങ്ങളിൽ പരോക്ഷ പരാമർശവുമായി ജിഫ്രി തങ്ങള്‍

SHARE THIS ON

കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിലെ പൊട്ടിത്തെറിയുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂക്ഷ പ്രതികരണവുമായി അധ്യക്ഷൻ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പണ്ഡിതന്മാർ കുത്തിത്തിരിപ്പിനും ഫിത്നക്കും സാഹചര്യമുണ്ടാക്കരുതെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

മലപ്പുറം വെളിമുക്കില്‍ സനാഇയ്യ ബിരുദദാന സമ്മേളനത്തിലാണ് പണ്ഡിതന്മാർക്കിടയില്‍ അഭിപ്രായ ഭിന്നതകളെയും പ്രശ്നങ്ങളെയും കുറിച്ച്‌ ജിഫ്രി തങ്ങള്‍ പരോക്ഷമായി പരാമർശിച്ചത്. പണ്ഡിതന്മാർ നാവ് ശ്രദ്ധിക്കണം. നാവ് കൊണ്ട് പറയാൻ പാടില്ലാത്ത കാര്യങ്ങള്‍ പറയരുത്. ശരീഅത്ത് കൊണ്ട് നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അത്തരത്തിലുള്ള പണ്ഡിതന്മാരാണ് യഥാർഥ പണ്ഡിതന്മാരെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

തഖ് വയില്‍ അധിഷ്ടിതമായ സ്വഭാവമാണ് ഒരു പണ്ഡിതന് വേണ്ടത്. അതുകൊണ്ടാണ് ആത്മീയതയില്‍ അധിഷ്ടിതമാകണം വിദ്യാഭ്യാസം എന്ന് സമസ്ത പറയാൻ കാരണം. ആത്മീയതയില്ലാത്ത ഒരു വിദ്യാഭ്യാസം ഇവിടെ ഉണ്ടായാല്‍ വിവരമില്ലെന്ന് പറയാൻ സാധിക്കില്ല. എന്നാല്‍, ശരീഅത്തില്‍ പറയുന്ന പണ്ഡിതനാണെന്ന് പറയാനാവില്ല. ഒരു പണ്ഡിതന് ദർസ് നടത്താനും ഖുർആനും ഹദീസും വ്യാഖ്യാനിക്കാനും അറിയാമെങ്കിലും മുഹമ്മദ് നബിയിലേക്ക് എത്തിപ്പെടുന്ന വിശ്വാസത്തിന്‍റെ ആളാണെന്ന് പറയാൻ സാധിക്കില്ലെന്നും ജിഫ്രി തങ്ങള്‍ ചൂണ്ടിക്കാട്ടി.

സമസ്തയോടുള്ള സ്നേഹവും ആദരവുമാണ് അതിനെ പിൻപറ്റാവുന്ന സംഘടനയാക്കിയത്. സംഘടനയുടെ വളർച്ചയിലും ഉയർച്ചയിലും അതിനെ എതിർക്കുന്നവരുണ്ടാകും. സമസ്തയെ നശിപ്പിക്കാനോ ഭിന്നിപ്പിക്കാനോ ആരും ശ്രമിക്കരുതെന്നാണ് ബിരുദം നേടുന്ന പണ്ഡിതന്മാരോടും പണ്ഡിതകളോടും പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!