നിത്യതയിൽ… തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എംടി ഇനി ഓർമ
കോഴിക്കോട്: മലയാള സാഹിത്യത്തിലെ എം.ടി യുഗം കാലയവനികയിൽ. വാക്കുകൾ കൊണ്ട് വിസ്മയിപ്പിച്ച മഹാകഥാകാരൻ ഇനി വായിച്ചുതീരാത്ത കഥകളുടെ കടലാഴമായി മലയാളിയുടെ ഹൃദയങ്ങളിൽ ജീവിക്കും. വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് നാട് വിടചൊല്ലി. മൃതദേഹം കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥം വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു.
സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ എംടിയെ അവസാനമായി കാണാൻ ‘സിതാര’യിൽ എത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ തുടങ്ങിയവർ എംടിക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തി. പുലർച്ചെ 5.30 ന് തന്നെ നടൻ മോഹൻലാൻ എംടിയെ അവസാന നോക്ക് കാണാനായി എത്തിയിരുന്നു. സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെആർ മീര, സാറ ജോസഫ്, ടി പത്മനാഭൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി, നടന്മാരായ വിനീത്, ജോയ് മാത്യു തുടങ്ങിയവരും സിതാരയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
സ്മൃതിപഥത്തിലെ ആദ്യത്തെ സംസ്‌കാരമാണ് എം.ടിയുടേത്. മരണാന്തര ചടങ്ങുകൾ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരമാണ് ചടങ്ങുകൾ നടക്കുക. സ്മൃതിപഥത്തിൽ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. എം.ടിയുടെ സഹോദരൻ്റെ മകനാണ് സംസ്കാരചടങ്ങുകൾ നടത്തിയത്.
വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളിൽ പൊതുദർശനമോ ഉണ്ടാകരുതെന്ന് എംടി നിർദേശം നൽകിയിരുന്നു. അതിനാൽ ആംബുലൻസിലാണ് മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമായിരുന്നു സംസ്‌കാരം നടന്നത്. എം.ടിക്ക് ഔദ്യോഗിക ബഹുമതി നൽകാൻ സർക്കാറിന്റെ പ്രതിനിധികളായി മന്ത്രിമാരായ എം.ബി രാജേഷ്, എ.കെ ശശിന്ദ്രൻ, മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ശ്മശാനത്തിൽ എത്തി.
നാല് തലമുറകൾക്കും വരും തലമുറകൾക്കും വിസ്മയം തീർത്ത എം.ടി ബുധനാഴ്ച രാത്രി പത്തോടെയാണ് ഭൗതികജീവിതത്തോട് വിടപറഞ്ഞത്.
ഫെബ്രുവരി 15നാണ് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ ചികിത്സയിൽ തുടരവെയായിരുന്നു എംടിയുടെ വിയോഗം.