20 വർഷം, ഒടുവിൽ യൂണികോണിനെ പരിഷ്കാരിയാക്കി ഹോണ്ട; കാത്തിരുന്ന മാറ്റങ്ങൾ

രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യം. എൻജിൻ റിഫൈൻഡ്മെന്റും റൈഡിങ് കംഫർട്ടുംകൊണ്ട് ഇന്ത്യക്കാർ നെഞ്ചേറ്റിയ വാഹനം. അതെ, ഹോണ്ട യൂണികോൺ എന്ന ഇരുചക്രവാഹനത്തിന് വിശേഷണങ്ങൾ ഏറെയാണ്. എതിരാളികൾ ഏറെ വന്നുപോയെങ്കിലും അന്നും ഇന്നും യൂണികോണിനെ വെല്ലാൻ യൂണികോൺ മാത്രം. എന്നാൽ, കാലത്തിനൊത്തുള്ള കാര്യമായ മാറ്റങ്ങളോ ഫീച്ചറുകളോ യൂണികോണിൽ വരുന്നില്ലെന്ന പരാതിയും വാഹനപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ യൂണികോണിന്റെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അവ പരിഹരിച്ചുകൊണ്ടാണ് 2025 പതിപ്പുമായി ഹോണ്ട എത്തിയിരിക്കുന്നത്.

ഇൻസ്ട്രുമെന്റ് കൺസോൾ മുഴുവനായും ഡിജിറ്റലായി മാറി എന്നതാണ് പ്രധാന മാറ്റം. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവ്വീസ് അലേർട്ട്, ഇക്കോ മോഡ് ഇൻഡിക്കേറ്റർ എന്നീ വിവരങ്ങൾ പുതിയ എൽഇഡി ഡിസ്പ്ലേയിലൂടെ അറിയാം. യുഎസ്ബി ടൈപ് സി മൊബൈൽ ചാർജിങ് പോർട്ടും പുതിയ ഫീച്ചറാണ്.ഹെഡ് ലാമ്പ് യൂണിറ്റ് എൽഇഡിയായി മാറിയതും പ്രധാന മാറ്റമാണ്. ഒരിക്കൽ പരീക്ഷിച്ച് കൈപൊള്ളിയതുകൊണ്ടാകാം വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ മാറ്റം വരുത്താൻ കമ്പനി മുതിർന്നിട്ടില്ല.

ഒബിഡി 2ബി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള എൻജിനാണ് 2025 മോഡലിലുള്ളത്. 13.18 ബിഎച്ച്പി കരുത്തും 14.58 പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 162.71 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം. മുൻ മോഡലിനേക്കാൾ എൻജിൻ കരുത്ത് വർധിച്ചിട്ടുണ്ട്. 5സ്പീഡ് ട്രാൻസ്മിഷൻ തന്നെയാണുള്ളത്.

ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിൽ വാഹനം ലഭിക്കും. മുൻ മോഡലിൽ ഉണ്ടായിരുന്ന പേൾ സൈറൻ ബ്ലൂ നിറം കമ്പനി ഒഴിവാക്കി. 1,19,481 രൂപയാണ് എക്സ് ഷോറൂം വില. 8000 രൂപയോളം വില വർധിച്ചിട്ടുണ്ട്. ടിവിഎസ് ആർ.ടി.ആർ 160, ബജാജ് പൾസർ 150, യമഹ FZ FI എന്നിവയാണ് പ്രധാന എതിരാളികൾ.


