ഫലസ്തീനികളെ ജോര്‍ദാനിലും ഈജിപ്തിലും പുനരധിവസിപ്പിക്കണം: ട്രംപിന്റെ പ്രസ്താവനക്കെതിരെ വ്യാപകപ്രതിഷേധം

ഗസ്സ സിറ്റി: ഗസ്സയില്‍ നിന്നുള്ള ഫലസ്തീൻ ജനതയെ ജോർദാനിലും ഈജിപ്തിലും പുനരധിവസിപ്പിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം.
ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനെ ഫോണില്‍ വിളിച്ചാണ് ട്രംപ് കഴിഞ്ഞ ദിവസം നിർദേശം സമർപ്പിച്ചത്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കു മുമ്ബാകെയും ഇതേ നിർദേശം ഉന്നയിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ നിർദേശം തള്ളിയ ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി, ഗസ്സയുടെ മണ്ണില്‍ തന്നെ ഫലസ്തീനികള്‍ തുടരുമെന്ന് വ്യക്തമാക്കി.
ഗസ്സയില്‍ നിന്ന് ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള ഇസ്രായേലിന്‍റെ ആസൂത്രിത നീക്കത്തിനുള്ള പരസ്യ പിന്തുണയാണിതെന്ന് വിവിധ ഫലസ്തീൻ സംഘടനകള്‍ കുറ്റപ്പെടുത്തി. വെടിനിർത്തല്‍ കരാർ നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ഫലസ്തീൻ ജനതയെ ഇസ്രായേല്‍ അനുവദിച്ചിട്ടില്ല. അഭയാർഥികള്‍ക്കു നേരെ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും ചെയ്തു.
വനിതാ ബന്ദി അർബേല്‍ യഹൂദിനെ കൈമാറും വരെ വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. എന്നാല്‍ അർബേല്‍ യഹൂദ് ജീവനോടെയുണ്ടെന്നും ശനിയാഴ്ച അവരെ കൈമാറാമെന്നും ഇസ്ലാമിക് ജിഹാദ് അറിയിച്ചു. അതുവരെ വരെ കാത്തിരിക്കാനാവില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതോടെ പ്രതിസന്ധി പരിഹരിക്കാൻ ഇരു വിഭാഗവുമായി മധ്യസ്ഥ രാജ്യങ്ങള്‍ തിരക്കിട്ട ചർച്ച തുടരുകയാണ്. കരാർ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ നീക്കം മാത്രമാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് ഹമാസും ഇസ്ലാമിക് ജിഹാദും പറയുന്നത്.
അതിനിടെ, ദക്ഷിണ ലബനാനില്‍ നിന്ന് സൈനിക പിൻമാറ്റത്തിന് വിസമ്മതിച്ച ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇതിനകം 11പേർ കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു മാസം മുമ്ബ് രൂപപ്പെടുത്തിയ വെടിനിർത്തല്‍ കരാർ പ്രകാരം ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിൻമാറേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു.