സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: അന്വേഷണം ബംഗാള്‍ സ്വദേശിനിയിലേക്ക്, ചോദ്യംചെയ്യാന്‍ പോലീസ്

നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ബംഗാള്‍ സ്വദേശിനിയിലേക്ക്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിം കാര്‍ഡിന്റെ ഉടമയായ യുവതിയെ പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു.. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത ഷെരീഫുല്‍ ഇസ്ലാമിൽ നിന്ന് പിടിച്ചെടുത്ത സിം കാര്‍ഡ് ഇരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇവരെ റിമാന്ഡ് ചെയ്ത മുംബൈയിലേക്ക് എത്തിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി പശ്ചിമ ബംഗാള്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ഷരീഫുല്‍ ഇസ്ലാമുമായി പശ്ചിമ ബംഗാളില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റിലായ ഖുഖുമോണി ജഹാങ്കിര്‍ ഷെയിഖിനെ പരിചയമുണ്ടെന്ന് പോലീസ് അറയിച്ചു.
ബംഗ്ലാദേശിൽ നിന്ന് മേഘാലയ വഴി ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ ഷെരീഫുല്‍ ഇസ്ലാം ആഴ്ചകളോളം താമസിച്ചത് ബംഗാളിലാണെന്ന് പോലീസ് മുമ്പ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് തൊഴില്‍ തേടി മുംബൈയിലെത്തുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

