കർണാടകയിൽ ബിജെപി-ദൾ സ്ഥാനാർഥിക്ക് ജയിക്കാൻ 4 വോട്ടു വേണം; എംഎൽഎമാരെ ഒളിപ്പിച്ച് കോൺഗ്രസ്
![](https://ksdlivenews.com/wp-content/uploads/2024/02/IMG-20240227-WA0009-818x1024.jpg)
ബെംഗളൂരു∙ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ കോൺഗ്രസ് എംഎൽഎമാരെ വിധാൻ സൗധയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. കർണാടകയിൽ നിന്ന് 4 ഒഴിവുകളുള്ള രാജ്യസഭയിലേക്ക് അഞ്ചാം സ്ഥാനാർഥിയായി ബിജെപി പിന്തുണയോടെ മത്സരിക്കുന്ന ദൾ സ്ഥാനാർഥി ഡി.കുപേന്ദ്ര റെഡ്ഡി കോൺഗ്രസിന്റെയും സ്വതന്ത്രരുടെയും വോട്ടുകൾ സമാഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇതിനു തടയിടാൻ കൂടിയാണ് കോൺഗ്രസ് എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. ഒരാളെ വിജയിപ്പിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 223 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എംഎൽഎമാരുടെ പിന്തുണയുണ്ട്. യാദ്ഗിർ ഷോറാപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാജാ വെങ്കടപ്പ നായിക്ക് ഞായറാഴ്ച മരിച്ചതിനെ തുടർന്നാണ് അംഗബലം 135ൽ നിന്നു 134 ആയി കുറഞ്ഞത്. ഇതിനു പുറമേ സർവോദയ കർണാടക പാർട്ടി എംഎൽഎയുടെയും 2 സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. ബിജെപി– 66, ദൾ–19, ജനാർദന റെഡ്ഡിയുടെ കർണാടക രാജ്യ പ്രഗതി പക്ഷ–1 എന്നിങ്ങനെയാണ് നിയമസഭയിലെ മറ്റ് അംഗബലം. ഇതു കണക്കിലെടുക്കുമ്പോൾ കോൺഗ്രസിന് 3 പേരെയും ബിജെപിക്ക് ഒരാളെയും വിജയിപ്പിക്കാനാകും. ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ചു കഴിഞ്ഞാൽ 41 വോട്ടുകളാണ് ബിജെപി–ദൾ സഖ്യത്തിന് ബാക്കിയുള്ളത്. നിലവിലെ രാജ്യസഭാ എംപിമാരായ ജി.സി.ചന്ദ്രശേഖർ, സയദ് നസീർ ഹുസൈൻ എന്നിവർക്കു പുറമേ അജയ് മാക്കൻ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. വടക്കൻ കർണാടകയിൽ നിന്നുള്ള ഹിന്ദു നേതാവ് നാരായണ കൃഷ്ണസ ബണ്ഡഗെയാണ് ബിജെപി സ്ഥാനാർഥി. വോട്ടു മറിക്കാതിരിക്കാൻ എല്ലാ പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകി. ഇതിനിടെ ജനാർദന റെഡ്ഡി ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒൗദ്യോഗിക വസതിയിൽ സന്ദർശിച്ചിരുന്നു. റെഡ്ഡിയും കോൺഗ്രസിനെ പിന്തുണച്ചേക്കുമെന്നാണ് അഭ്യൂഹം.