ഹൈക്കോടതിയുടേത് നല്ല വിധി, ഗൂഢാലോചന പൂർണമായും പുറത്തുവരുംവരെ നിയമപോരാട്ടം തുടരും- കെ.കെ. രമ

കൊച്ചി: നല്ല വിധിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ടി.പി ചന്ദ്രശേഖന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. മുഴുവന്‍ പ്രതികളും നിയമത്തിനുമുന്നില്‍ വന്നതായി ഇപ്പോഴും കരുതുന്നില്ലെന്നും ഗൂഢാലോചന നടത്തിയവരെ പൂര്‍ണമായും പുറത്തുകൊണ്ടുവരുന്നതിന് സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി വിധി വന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമ.
നല്ല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി വിധിയെ സ്വാഗതംചെയ്യുന്നു. ചില പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചനാക്കുറ്റം ചുമത്താത്ത പ്രതികള്‍ക്കുകൂടി ഗൂഢാലോചനാക്കുറ്റം ചുമത്തി ശിക്ഷവിധിച്ചിരിക്കുകയാണ്. ഹീനമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്ന സന്ദേശം തന്നെയാണ് കോടതി വിധിയിലുള്ളത്, രമ ചൂണ്ടിക്കാട്ടി.
മുഴുവന്‍ പ്രതികളും നിയമത്തിനുമുന്നില്‍ വന്നതായി ഇപ്പോഴും കരുതുന്നില്ല. അതുകൊണ്ട് മേല്‍ക്കോടതിയെ സമീപക്കാന്‍ തന്നെയാണ് തീരുമാനം. ഗൂഢാലോചന സംബന്ധിച്ച് ഒരു പരിധിവരെ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഗൂഢാലോചന സംബന്ധിച്ച് പൂര്‍ണമായും പുറത്തുവരേണ്ടതുണ്ട്. അതുസംബന്ധിച്ച കാര്യങ്ങളുമായാണ് ഇനി മുന്നോട്ടുപോകുക. നിയമപോരാട്ടത്തില്‍ ഒപ്പംനിന്ന അഭിഭാഷകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിനും നന്ദിപറയുകയാണെന്നും രമ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കുന്ന വിധിയാണിതെന്ന് ആര്‍എംപി നേതാവും ടി.പി ചന്ദ്രേശഖരന്റെ സഹയാത്രികനുമായിരുന്ന എന്‍. വേണു പറഞ്ഞു. പ്രതികളെ സംരക്ഷാക്കാനായി സിപിഎമ്മിന്റെ ഉന്നത നേതൃത്വം വിചാരണക്കോടതി മുതല്‍ ഹൈക്കോടതി വരെ വളരെ സജീവമായിരുന്നു. അവരുടെ എല്ലാവിധത്തിലുള്ള തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് ഇനിയെങ്കിലും രാഷ്ട്രീയാഭിപ്രായത്തിന്റെ പേരില്‍ ഒരാളുടെയും ജീവന്‍ തട്ടിയെടുക്കരുത് എന്നാണ് ഈ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പോരാട്ടം തുടരുമെന്നും വേണു വ്യക്തമാക്കി.