കാസർകോട് നഗരസഭയിൽ മാലിന്യസംസ്കരണയൂണിറ്റുകൾ സജ്ജം

കാസർകോട് : നഗരസഭയിൽ തുമ്പൂർമുഴി മാതൃകയിൽ മാലിന്യസംസ്കരണം നടത്തുന്ന യൂണിറ്റുകൾ തയ്യാറായി. ഏഴ് യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. സുനാമി കോളനിയിൽ മൂന്നെണ്ണവും മുനിസിപ്പൽ ഓഫീസ്, സന്ധ്യാരാഗം, നെല്ലിക്കുന്ന് സൗത്ത്, ലൈറ്റ് ഹൗസിന് സമീപം എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് നിർമാണം പൂർത്തിയാക്കിത്. അഞ്ചെണ്ണം നിർമാണ ഘട്ടത്തിലാണ്. അറവുശാലകൾ, മത്സ്യ-മാംസ സംസ്കരണ ശാലകൾ എന്നിവിടങ്ങളിലെ ജൈവമാലിന്യവും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യവും തുമ്പൂർമുഴി യൂണിറ്റുകളിലൂടെ ഫലപ്രദമായി ജൈവവളമാക്കി മാറ്റാം. ചൊവ്വാഴ്ച നഗരസഭാ ചെയർമാൻ വി.എം. മുനീർ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അധ്യക്ഷയാകും.

