റഫയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം: കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40 ആയി

ഗാസസിറ്റി: റഫയിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 40 ആയി.
65 പേർക്ക് പരിക്കേറ്റു. സുരക്ഷിത സ്ഥലമാണ് ഈ ക്യാമ്ബ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ ബോംബിനു മുന്നില്‍ ഒന്നും സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു. എട്ട് മിസൈലുകളാണ് ഈ ക്യാമ്ബിലേക്ക് ഇസ്രായേല്‍ തൊടുത്തത്.-ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
കൂടുതല്‍ ആളുകളും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നാണ് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. റഫയില്‍ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേല്‍ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകള്‍ക്ക് സമീപം യു.എൻ കാമ്ബ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ കാമ്ബുകള്‍ക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് ഇസ്രായേല്‍ ആക്രമണം.
റഫയുടെ പടിഞ്ഞാറ് ഭാഗത്ത് മുളകൊണ്ടാണ് താല്‍കാലിക അഭയാർഥി ക്യാമ്ബ് നിർമിച്ചിരുന്നത്. ആക്രമണത്തിനു പിന്നാലെ ഇവിടെ വൻതീപ്പിടിത്തമുണ്ടായി. റഫയില്‍ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രായേലിന്റെ നരഹത്യ.

