KSDLIVENEWS

Real news for everyone

രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് കേരളത്തില്‍ ജൂണ്‍ 25-ന് തിരഞ്ഞെടുപ്പ്

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂണ്‍ 25-നാണ് വോട്ടെടുപ്പ്.  ജൂലായ് ഒന്നിനാണ് മൂന്നുപേരുടേയും കാലാവധി അവസാനിക്കുന്നത്. ജൂണ്‍ ആറിന് വിജ്ഞാപനം പുറത്തിറങ്ങും. ജൂൺ 13 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 14-ന് സൂക്ഷ്മ പരിശോധന, 18-ന് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ജൂണ്‍ 25-ന് രാവിലെ ഒമ്പതുമുതല്‍ നാലുവരെയാണ് പോളിങ്.

അന്നുതന്നെ അഞ്ചുമണിക്ക് വോട്ടെണ്ണല്‍. നിയമസഭയിലെ നിലവിലെ കക്ഷിനിലവെച്ച് എല്‍.ഡി.എഫിന് രണ്ടുപേരേയും യു.ഡി.എഫിന് ഒരാളേയും രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ കഴിയും. എല്‍.ഡി.എഫിന്റെ ഒരു സീറ്റ് സി.പി.എമ്മിന് തന്നെയാവും. മറ്റൊരു സീറ്റിനായി സി.പി.ഐയും കേരള കോണ്‍ഗ്രസും എമ്മും പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിനെ രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്താണ് അനുനയിപ്പിച്ചത്. അതിനാല്‍, യു.ഡി.എഫിന്റെ സീറ്റ് ലീഗിന് നല്‍കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!