സാഫ് കപ്പ് ഫുട്ബാള്‍ ഇന്ത്യ ഇന്ന് കുവൈറ്റിനെതിരെ

ബംഗളുരു : ആദ്യ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന വിജയം നേടി സാഫ് കപ്പ് ഫുട്ബാള്‍ ചാമ്ബ്യൻഷിപ്പിന്റെസെമി ഫൈനല്‍ സേഫാക്കിയ ഇന്ത്യൻ ടീം ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കുവൈറ്റിനെ നേരിടും.
ജയിച്ചില്ലെങ്കില്‍ പോലും സെമിയിലെത്താമെങ്കിലും സ്വന്തം നാട്ടില്‍ കുവൈറ്റിനെപ്പോലെ കരുത്തരായ ഒരു ടീമിനെതിരെ വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സുനില്‍ ഛെത്രിയും സംഘവും ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 4-0ത്തിനും രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 2-0ത്തിനുമാണ് ഇന്ത്യ തോല്‍പ്പിച്ചിരുന്നത്. ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായി ബംഗളുരുവിലെത്തിയ ഇന്ത്യൻ ടീം സാഫ് കപ്പ് ചാമ്ബ്യൻഷിപ്പില്‍ മിന്നുന്ന പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. നായകൻ സുനില്‍ ഛെത്രിയുടെ മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ വജ്രായുധം. പാകിസ്ഥാനെതിരെ ഛെത്രി ഹാട്രിക് നേടിയിരുന്നു. നേപ്പാളിനെതിരെ ആദ്യ ഗോള്‍ നേടിയതും ഛെത്രിയായിരുന്നു.
ഛെത്രിയെക്കൂടാതെ മലയാളിതാരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയൻ, സ്ട്രൈക്കര്‍ ലാലിയൻ സുവാല ചാംഗ്തെ, നവോറം മഹേഷ് സിംഗ്, നിഖില്‍ പുജാരി,രാഹുല്‍ ഭെക്കെ,ജീക്സണ്സിംഗ്, അനിരുദ്ധ് ധാപ്പ തുടങ്ങിയ മികച്ച യുവനിരയെത്തന്നെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ അണിനിരത്തുന്നത്.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് കുവൈറ്റ് ഇന്ത്യയെ നേരിടാനെത്തുന്നത് . ആദ്യ മത്സരത്തില്‍ നേപ്പാളിനെ 3-1ന് തോല്‍പ്പിച്ച കുവൈറ്റ് രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ 4-0ത്തിന് തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ഒരു ഗോള്‍ മാത്രമാണ് കുവൈറ്റ് വഴങ്ങിയത്.
7.30 pm മുതല്‍ ഫാൻ കോഡ് ആപ്പിലും ഡിഡി ഭാരതിയിലും ലൈവ്.

