കാസർഗോഡ് നഗരത്തിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിൽ
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച. 70,000 രൂപയും നന്നാക്കാന്‍ സൂക്ഷിച്ച നിരവധി മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഒരു സ്റ്റേഷനറി കടയില്‍ മോഷണശ്രമമുണ്ടായി. സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ ഷാഹുല്‍ഹമീദ് (23), കോഴിക്കോട് തോട്ടില്‍പാറയിലെ ഷൈജു എന്ന ഷിജു (42) എന്നിവരാണ് അറസ്റ്റിലായത്.തെരുവത്ത് സിറാമിക്‌സ് റോഡിലെ അന്‍വറിന്റെ ഉടമസ്ഥതയില്‍ ഗീതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ ട്യൂണ്‍സ് മൊബൈല്‍ കടയിലാണ് കവര്‍ച്ചയുണ്ടായത്. ഇവിടെ സൂക്ഷിച്ച പണവും സമീപത്തായി പ്രവര്‍ത്തിക്കുന്ന റിപ്പയറിങ്ങ് കടയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. അന്‍വര്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഇന്ന് രാവിലെ അന്‍വറിന്റെ സഹോദരനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപത്തെ ഗണേശിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കട കുത്തിത്തുറന്നാണ് മോഷണ ശ്രമം നടത്തിയത്. രാത്രികാല പരിശോധനക്കിടെ സംശയാസ്പദമായി ബൈക്കില്‍ കണ്ട ഷാഹുല്‍ഹമീദിനെയും ഷൈജുവിനേയും ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞത്. കാസര്‍കോട് എസ്.ഐ യു.പി വിപിനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതികളില്‍ നിന്ന് 54,400 രൂപയും ആറ് മൊബൈല്‍ ഫോണുകളും സ്‌ക്രൂ ഡ്രൈവറും കണ്ടെത്തി.