ഡസൻ കണക്കിന് ഡോൾഫിനുകൾ ചത്ത് കരയ്ക്കടിഞ്ഞു ; ജപ്പാനീസ് കപ്പൽ പവിഴപ്പുറ്റിലിടിച്ച് എണ്ണ ചോർച്ച കടൽ ജീവികൾക്ക് ദുരന്തമായേക്കാം
അഡിസ് അബാബ: ജപ്പാനീസ് കപ്പല്‍ പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയ്ക്ക് പിന്നാലെ മൗറീഷ്യസ് തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു. ഇന്ന് കരക്കടിഞ്ഞത് ഏഴ് ഡോള്‍ഫിനുകളുടെ ജഡമാണ്. ഇന്നലെ 17 ഡോള്‍ഫിനുകളുടെ ജഡം കണ്ടെത്തിയിരുന്നു. കരയ്ക്കടിഞ്ഞ ഡോള്‍ഫിനുകളുടെ പോസ്‌റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം കൃത്യമായി നിര്‍ണയിക്കാനാകൂ.
ചത്ത ഡോള്‍ഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകളും രക്തവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജഡങ്ങളില്‍ എണ്ണയുടെ അംശമില്ലെന്നാണ് മൗറീഷ്യസ് ഫിഷറീസ് മന്ത്രാലയം പറയുന്നത്. അതേ സമയം, ഏകദേശം പത്ത് വയസില്‍ താഴെയുള്ള ഒരു ഡോള്‍ഫിനെ നീന്താന്‍ അവശനിലയില്‍, നീന്താന്‍ കഴിയാത്ത അവസ്ഥയില്‍ തീരത്ത് കണ്ടെത്തിയെന്നും അധികൃതര്‍ പറഞ്ഞു. പവിഴപ്പുറ്റിലിടിച്ച് തകര്‍ന്ന ജപ്പാനീസ് കപ്പലായ എ.വി. വകാഷിയോയില്‍ നിന്നും ജൂലായ് 25 മുതലാണ് കടലിലേക്ക് എണ്ണച്ചോര്‍ച്ച തുടങ്ങിയത്. ഡോള്‍ഫിനുകള്‍ ചത്ത് കരയ്ക്കടിഞ്ഞ സംഭവത്തിന് എണ്ണച്ചോര്‍ച്ചയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ളവ മൗറീഷ്യസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണച്ചോര്‍ച്ച കടലിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതുവരെ 15 കിലോമീറ്റര്‍ പ്രദേശത്തേക്ക് എണ്ണച്ചോര്‍ച്ച ബാധിച്ചതായി മൗറീഷ്യസ് മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി പറഞ്ഞു. 38 തരം പവിഴപ്പുറ്റുകളും 78 സ്പീഷിസില്‍പ്പെട്ട വിവിധ മത്സ്യങ്ങളും നിറഞ്ഞ ബ്ലൂ ബേ മറൈന്‍ പാര്‍ക്കിനെ ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ എണ്ണച്ചോര്‍ച്ച നീങ്ങുന്നത്.