KSDLIVENEWS

Real news for everyone

കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛൻ മനസ്സില്‍കാണുന്നുണ്ടാവാം, നേതാവ് മൗനിയായതിന്റെ ബലിയാടാണ് ഞാൻ: ഷമ്മി

SHARE THIS ON

താരസംഘടന അമ്മയിലെ കൂട്ടരാജി എടുത്തുചാട്ടമായിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. താരസംഘടനയിലെ കൂട്ടരാജിയേക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തില്‍ സംഘടനയില്‍ അനിശ്ചിതത്വമുണ്ടായി. ഇപ്പോള്‍ അംഗമല്ലെങ്കിലും താനുംകൂടി സ്ഥാപകാംഗമായ സംഘടനയായതുകൊണ്ടാണിത് പറയുന്നത്. അതിന്റെയൊരു വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നേതാവ് മൗനിയായിപ്പോയതിന്റെ ബലിയാടാണ് ഞാൻ. അല്ലായിരുന്നെങ്കില്‍ ഞാനിങ്ങനെ നില്‍ക്കേണ്ടിവരില്ലല്ലോ. 1994-ലാണ് സംഘടന തുടങ്ങിയത്. 97-ല്‍ ചേർന്ന ജനറല്‍ ബോഡിയില്‍ ഞാനും മഹേഷും ഇടവേളബാബുവും മറ്റൊരാളുമെല്ലാം ചേർന്ന്, അദ്ദേഹമാരായിരുന്നെന്ന് ഓർക്കുന്നില്ല, യുവതുർക്കികള്‍ എന്ന പേരില്‍ പ്രതിഷേധമുയർത്തിയിരുന്നു. മധുസാറായിരുന്നു അന്ന് പ്രസിഡന്റ്. അതൊരു കാലമായിരുന്നു.


തിരുത്തല്‍വാദത്തിനുപകരം ശരിപക്ഷവാദമായിരുന്നു അന്ന് സംഘടനയ്ക്കുനേരെ ഉയർത്തിയത്. ഷമ്മി തിലകനെപ്പോലുള്ള പ്രതിപക്ഷം ഈ സംഘടനയില്‍ വന്നെങ്കില്‍ മാത്രമേ ഇത് നന്നാവൂ എന്ന് ഒരംഗം 2018-ല്‍ പറഞ്ഞിരുന്നു. പ്രതിപക്ഷമല്ല, പ്രതി പക്ഷമാണെന്നാണ്, ശരിപക്ഷമാണെന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. പക്ഷേ, എന്റെ ശരി അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ പുറത്താകേണ്ടിവന്നു. ചെറുതെന്നോ വലുതെന്നോ തരംതിരിവില്ലാതെ ആര് തെറ്റുചെയ്താലും അത് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കുകയാണ് വേണ്ടത്. അതിനുവേണ്ടിത്തന്നെയാണ് സംഘടനയ്ക്കുള്ളില്‍ ഞാൻ ശബ്ദമുയർത്തിയിട്ടുള്ളത്. അങ്ങനെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ കണ്ണാടിയില്‍ നോക്കി നമ്മള്‍ നമ്മളെ അറിയുക. താൻ ജാതിയില്‍ കൂടിയയാളാണെന്ന ചിന്ത മനസില്‍വെച്ചുകൊണ്ട് ഒരു സംഘടനയിലിരുന്നുകഴിഞ്ഞാല്‍ അങ്ങനെയൊക്കെ സംഭവിക്കും. പ്രസിഡന്റിന് പ്രതികരണശേഷി ഒരുപക്ഷേ നഷ്ടപ്പെട്ടിരിക്കും.

സ്വർഗരാജ്യത്തുചെല്ലുമ്ബോള്‍ മുഖംതിരിക്കുന്ന മാലാഖമാരാണെങ്കില്‍ എനിക്കവരെ കാണേണ്ട കാര്യമുണ്ടോ? എന്തിനാണിനി പുതിയ സംഘടന? സംഘടനകളെ മുട്ടി ഇപ്പോള്‍ത്തന്നെ നടക്കാൻവയ്യ. സംഘടനയിലെ ചില ആള്‍ക്കാരെയാണ് മാഫിയ എന്ന് അച്ഛൻ വിശേഷിപ്പിച്ചത്. സംഘടനയില്‍ അധീശത്വമുള്ളവരെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. പവർ ഗ്രൂപ്പെന്ന് ഹേമാ കമ്മിറ്റി പറഞ്ഞതും ഇവരെക്കുറിച്ച്‌ തന്നെയാണ്. അമ്മ സംഘടനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നയാളാണ്. എനിക്ക് രണ്ട് അമ്മമാരുണ്ട്. മൂന്നാമത്തെ അമ്മയായി കണ്ടിരുന്നത് താരസംഘടനയേയാണ്. അങ്ങനെ മനസില്‍ കൊണ്ടുനടന്നതാണ്. 2018-ല്‍ അന്നത്തെ സെക്രട്ടറിയോട് ഞാനിക്കാര്യം പറഞ്ഞതാണ്.


കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛൻ മനസില്‍ കാണുന്നുണ്ടാവാം. പ്രതികാര മനോഭാവത്തോടെ അവർ എന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, എന്റെ അച്ഛനോട് ചെയ്തത് ഭയങ്കരമായ തെറ്റാണെന്നും അനീതിയാണെന്നും കോടതിതന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. സംഘടനയിലെ ജാതീയമായ കാര്യങ്ങള്‍ ഇന്നും ഇന്നലെയും പറയുന്നതല്ല. സംഘടന രൂപീകൃതമായപ്പോള്‍മുതല്‍ ജാതീയമായ സംഭവങ്ങള്‍തന്നെയാണ് നടന്നുവന്നിട്ടുള്ളത്. അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല, തെളിവുണ്ട്. ഒളിച്ചോട്ടമാണെന്ന് പറയാനാവില്ല. ഉത്തരംമുട്ടി എന്നേ പറയാനാവൂ. മൗനം വിദ്വാന് ഭൂഷണം എന്ന് പറയാറുണ്ടല്ലോ. എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടത് അവരെ വോട്ടുചെയ്ത് ജയിപ്പിച്ചവരോടുള്ള വഞ്ചനയാണെന്ന് തോന്നി”, ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു.

പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്നതാണ് അനിവാര്യത എന്നുപറയുന്നത്. നമ്മുടെയെല്ലാം കുഞ്ഞുങ്ങളാണിനി നേതൃസ്ഥാനത്തേക്ക് വരേണ്ടതെന്ന ജഗദീഷിന്റെ ലീക്കായ ഒരു വോയിസുണ്ട്. അന്നത്തെ ജനറല്‍ ബോഡിയില്‍ ഞാനത് പറയുകയും ചെയ്തതാണ്. ഞാൻ കഴിഞ്ഞാല്‍ പ്രളയം എന്നുള്ള സംസ്കാരമാണിപ്പോള്‍ കാണുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ പ്രസ്ഥാനത്തെ എച്ചിലാക്കിവെച്ചിട്ടാണോ നമ്മള്‍ പോവേണ്ടത്? നല്ല ഒരവസ്ഥയിലാണ് അത് അവർക്ക് കൈമാറേണ്ടത്. അതിനുള്ള സമയമാണിതെന്നാണ് കരുതുന്നതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!