KSDLIVENEWS

Real news for everyone

സൗജന്യ കിറ്റ്: പാക്ക് ചെയ്യാൻ 16.03 കോടി; ഒരു സഞ്ചിക്കു 13 രൂപ വരെ, കയറ്റിറക്കിന് 12 രൂപ

SHARE THIS ON

തിരുവനന്തപുരം∙ റേഷൻ കടകൾ വഴി സർക്കാർ സൗജന്യമായി വിതരണം ചെയ്ത കിറ്റിലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യാൻ കിറ്റൊന്നിനു പ്രതിഫലമായി 1.40 രൂപയും കഴിഞ്ഞ മേയ് മുതൽ 1.65 രൂപയും നൽകിയെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്താകെ 13 തവണയായി 10.99 കോടി (10,99,30,968) കിറ്റുകൾ വിതരണം ചെയ്തുവെന്ന കണക്കു പരിശോധിച്ചാൽ ഇതുവരെ കിറ്റിൽ സാധനങ്ങൾ പാക്ക് ചെയ്യാൻ നൽകിയത് 16.03 കോടി രൂപയാണ് (2021 മേയ് വരെ 11.80 കോടി രൂപയും മേയ് മുതൽ അവസാനത്തെ ഓണക്കിറ്റ് വരെ 4.23 കോടി രൂപയും).

പാക്ക് ചെയ്ത സാധനങ്ങൾ സഞ്ചിയിൽ നിറയ്ക്കുന്നതിനു കിറ്റൊന്നിന് 1.40 രൂപയായിരുന്നു പ്രതിഫലം. ഈ വർഷം ജനുവരി മുതൽ ഇതു 2 രൂപയാക്കി. ഈ കണക്ക് പ്രകാരം 18.96 കോടി രൂപ ആകെ കിറ്റുകൾക്കായി ചെലവിട്ടിട്ടുണ്ട്. കിറ്റ് നൽകുന്ന സഞ്ചിക്കു ചെലവിട്ടത് 6.50 രൂപ മുതൽ 13 രൂപ വരെയാണ്. വിലയുടെ ശരാശരി കണക്കാക്കിയാൽ 107.18 കോടി രൂപ ആകെ ചെലവായി. റേഷൻ കടകളിൽ ഇവ എത്തിച്ചു നൽകാനുള്ള യാത്രച്ചെലവ് കിറ്റൊന്നിന് 1.80 രൂപയായി. ഇതു പ്രകാരം ആകെ കിറ്റുകൾക്ക് 19.78 കോടി രൂപ. 

ഒരു കിറ്റ് കയറ്റാനും ഇറക്കാനും 6 രൂപ വീതമാണു കൂലി നൽകിയത്. അങ്ങനെ കയറ്റിറക്ക് ഇനത്തിൽ ആകെ 131.91 കോടി രൂപ ചെലവഴിച്ചു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിക്ക് സിവിൽ സപ്ലൈസ് കോർപറേഷന്റ കോഴിക്കോട് ഡിപ്പോ മാനേജർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഓരോ കിറ്റിനും ചെലവായ കണക്കുള്ളത്. അതേസമയം, റേഷൻ വ്യാപാരികൾക്ക് ആദ്യ രണ്ടു തവണ കിറ്റ് നൽകിയതിനു മാത്രമാണു കമ്മിഷൻ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!