സിഫ്റ്റിന് സ്വര്‍ണം, ഇഷയ്ക്ക് വെള്ളി; ഷൂട്ടിങ്ങില്‍ 10 മെഡലുകളോടെ റെക്കോഡുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ കൊയ്ത് ഇന്ത്യ. നാലാം ദിനം മാത്രം ഇന്ത്യ അക്കൗണ്ടിലെത്തിച്ചത് ആറു മെഡലുകള്‍. രണ്ട് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും. ഇതോടെ ഹൗങ്ചൗവില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം പത്തായി ഉയര്‍ന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ നേടിയ ഒമ്പത് മെഡലുകളുടെ റെക്കോഡ് ഇന്ത്യ മറികടന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംറ, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം എന്നിവരാണ് നാലാം ദിനം സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇഷ സിങ്ങും 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വനിതാ ടീമിനത്തിലും ഇന്ത്യ വെള്ളി കഴുത്തിലണിഞ്ഞു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ ഇഷി ഛൗക്സെ, പുരുഷന്മാരുടെ സ്കീറ്റ് ടീം എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്. നാലാം ദിനം സെയ്ലിങ്ങിലാണ് ഇന്ത്യ മറ്റൊരു മെഡല്‍ നേടിയത്. പുരുഷന്മാരുടെ : വിഭാഗത്തില്‍ വിഷ്ണു ശരവണന് വെങ്കലം കഴുത്തിലണിഞ്ഞു. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 21 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

