KSDLIVENEWS

Real news for everyone

ബിജെപി വന്നാലും സിപിഎം ജയിക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.വി.ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: ബിജെപി വന്നാലും സിപിഎം ജയിക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിയമസഭയിലെത്താന്‍ ബിജെപി വോട്ട് വിലയ്ക്കുവാങ്ങുന്ന, ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വിളക്കു കത്തിക്കുന്ന സതീശനടക്കമുള്ളവരാണ് സിപിഎം ‘ഇന്ത്യ’ മുന്നണിയെ തകര്‍ക്കുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്നതെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മാതൃകയാക്കുന്നത് കമല്‍നാഥിനെയാണ്. ആര്‍എസ്എസ് ശാഖയ്ക്ക് കാവലിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിക്കാന്‍ മടിയില്ലാത്ത, തന്റെ ബിജെപി പ്രവേശം ആര്‍ക്കും തടയാനാകില്ലെന്ന് വെല്ലുവിളിക്കുന്ന, ആര്‍എസ്എസുമായുള്ള പ്രത്യയശാസ്ത്ര ബന്ധത്തെ ന്യായീകരിക്കാന്‍ മതനിരപേക്ഷവാദിയായ ജവാഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ മടിയില്ലാത്ത കെ സുധാകരനാണ് കെപിസിസിക്ക് നേതൃത്വം നല്‍കുന്നതെന്നും ഗോവന്ദന്‍ ആരോപിച്ചു. ഇന്ത്യ കൂട്ടായ്മയെ സിപിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഗോവിന്ദന്റെ പ്രസ്താവന. എം.വിഗോവിന്ദന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം… ദിവസങ്ങളായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്മയെ സിപിഐ എം തകര്‍ക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്മയെ തകര്‍ക്കാന്‍ ബിജെപിയില്‍നിന്ന് സിപിഎം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി. ‘ഇന്ത്യ’ യുടെ ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ അയക്കാന്‍ സിപിഎം തയ്യാറാകാത്തത് അവസരമാക്കിയാണ് പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാന്‍ കോണ്‍ഗ്രസും വലതുപക്ഷകക്ഷി നേതൃത്വവും ശ്രമിക്കുന്നത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍കൊണ്ട് , പ്രബുദ്ധരായ കേരളജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞുവയ്ക്കട്ടെ. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വവര്‍ഗീയതയെ കേരളത്തിലും ഇന്ത്യയിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും വിട്ടുവീഴ്ചയില്ലാതെ ചെറുക്കുന്നത് കോണ്‍ഗ്രസല്ല, സിപിഎമ്മും ഇടതുപക്ഷ കക്ഷികളുമാണെന്നത് വസ്തുതയാണ്. വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തി ഈ വസ്തുത മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇനി ‘ഇന്ത്യ’ എന്ന രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. കോണ്‍ഗ്രസ് നേതൃത്വമല്ല, മറിച്ച് ബിഹാറിലെ മഹാസഖ്യത്തില്‍ ഉള്‍പ്പെട്ട ഐക്യ ജനതാദളിന്റെ നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ജൂണ്‍ 23ന് പട്‌നയില്‍ പ്രധാന പ്രതിപക്ഷ പാര്‍ടികളുടെ ആദ്യയോഗം വിളിച്ചത്. മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ആദ്യയോഗം ചര്‍ച്ച ചെയ്തത്. ഈ യോഗത്തില്‍ പങ്കെടുത്ത സിപിഎം, ദേശീയ പ്രാധാന്യമുള്ളതും എല്ലാവരും അംഗീകരിക്കുന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് സംയുക്ത പ്രചാരണം അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കണമെന്നും ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെ സംബന്ധിച്ച് പ്രക്ഷോഭം നടത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പില്‍നിന്ന് ബിജെപി നേട്ടം കൈവരിക്കുന്നത് പരമാവധി കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ആരംഭിക്കണമെന്നും സിപിഎം നിര്‍ദേശിച്ചു. ജൂലൈ 17, 18 തീയതികളില്‍ ബംഗളൂരുവില്‍ ‘ഇന്ത്യ’യുടെ രണ്ടാമത്തെ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ക്ലുസീവ് അലയന്‍സ് അഥവാ ഇന്ത്യ’ എന്ന പേര് ഈ കൂട്ടുകെട്ടിന് ലഭിച്ചത്. അന്നുതന്നെ ഇന്ത്യ രാഷ്ട്രീയസഖ്യമാണ് എന്ന പ്രയോഗത്തെക്കുറിച്ച് സിപിഎം ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഒന്നാം യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു എന്ന കാര്യവും സിപിഎം ഓര്‍മപ്പെടുത്തി. ‘ഇന്ത്യ’ എന്നത് ഒരു പൊതു ലക്ഷ്യത്തെ സംബന്ധിച്ച് 26 പാര്‍ടിക്കിടയിലുള്ള ധാരണ മാത്രമാണെന്നും എല്ലാ തിരഞ്ഞെടുപ്പ് സഖ്യങ്ങളും ധാരണകളും നീക്കുപോക്കുകളും അതത് സംസ്ഥാനങ്ങളില്‍ തീരുമാനിക്കണമെന്നും നിശ്ചയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയസഖ്യമെന്ന ചട്ടക്കൂട് നല്‍കുന്ന ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഇതിനര്‍ഥം ‘ഇന്ത്യ’യുമായി സഹകരിക്കില്ലെന്നല്ല. പ്രചാരണ, മീഡിയ, സാമൂഹ്യ മീഡിയ ഉപസമിതികളില്‍ സിപിഎം പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മുംബൈയില്‍ ചേര്‍ന്ന മൂന്നാമത്തെ യോഗത്തിലും സിപിഎം സജീവമായി പങ്കെടുത്തു. ഇനിയുള്ള യോഗങ്ങളിലും പങ്കെടുക്കുകയും ബിജെപിയെ പരാജയപ്പെടുത്താനുള്ള അടവുകള്‍ മെനയുന്നതില്‍ സജീവ പങ്കാളിയാകുകയും ചെയ്യും. ബിജെപിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യമാകുന്നിടത്തോളം ഇന്ത്യയെ തകര്‍ക്കാനോ തളര്‍ത്താനോ ഉള്ള ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എന്നാല്‍, ഏകോപനസമിതിയില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ സിപിഎമ്മിനെ ഇന്ത്യാ വിരുദ്ധ ചേരിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ചാല്‍ മാത്രമേ ആരാണ് സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകൂ. മൂന്നാമത്തെ യോഗം മുംബൈയില്‍ ചേര്‍ന്നപ്പോഴാണ് ഒരു സംയുക്ത റാലി നടത്തണമെന്ന ആശയം വന്നത്. ആദ്യറാലിയുടെ വേദി ഭോപാല്‍ ആയിരിക്കണമെന്നും നിശ്ചയിച്ചു. നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ് എന്നതിനാലാണ് തലസ്ഥാന നഗരമായ ഭോപാലില്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം പൊളിച്ചത് സിപിഎമ്മോ ഇടതുപക്ഷ കക്ഷികളോ അല്ല. കോണ്‍ഗ്രസ് ആണെന്നതാണ് ഏറെ പ്രതിഷേധാര്‍ഹം. അതിനു പറഞ്ഞ കാരണമാണ് അതിലേറെ വിചിത്രം. സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ (തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം) ഡിഎംകെയുടെ പ്രതിനിധി റാലിയില്‍ പങ്കെടുത്താല്‍ ഹിന്ദുമത വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ! മധ്യപ്രദേശ് പിസിസി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണ് റാലി മാറ്റിവയ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കാണ് കോണ്‍ഗ്രസ് തീരുമാനം പരിക്കേല്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ മുഖങ്ങളില്‍ ഒന്നാണ് കമല്‍നാഥ്. ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍നിന്നാണ് കമല്‍നാഥ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഹിന്ദുരാഷ്ട്രവാദം സജീവമാക്കി നിര്‍ത്തുന്ന ഭാഗേശ്വര്‍ ധാമിലെ ധീരേന്ദ്ര ശാസ്ത്രിയെ, മകന്‍ നകുല്‍നാഥിന്റെ ലോക്സഭാമണ്ഡലമായ ചിന്ത്വാഡയില്‍ കൊണ്ടുവന്ന് പ്രാര്‍ഥനായോഗം നടത്താനും കമല്‍നാഥ് തയ്യാറായി. ധീരേന്ദ്ര ശാസ്ത്രിയുടെ ഹിന്ദുരാഷ്ട്രവാദത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 82 ശതമാനം ഹിന്ദുക്കളുള്ള ഒരു രാഷ്ട്രത്തെ മറ്റെന്ത് വിളിക്കണമെന്ന മറുചോദ്യം കൊണ്ടാണ് കമല്‍നാഥ് നേരിട്ടത്. (ഇതേക്കുറിച്ച് 2023 ആഗസ്ത് 21ന് ഈ കോളത്തില്‍ എഴുതിയ ലേഖനത്തില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു). ഇന്ത്യ എന്ന ആശയത്തെ, രാഷ്ട്രീയ ധാരണയെ തകര്‍ക്കുന്നത് ഇത്തരക്കാരാണെന്നിരിക്കെ അത് മറച്ചുപിടിക്കാനാണ് സിപിഐ എമ്മിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തിരിയുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകം കേരളീയര്‍ക്കുണ്ട്. മധ്യപ്രദേശില്‍നിന്നുള്ള വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. നവംബര്‍ 15നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന മത്സരം ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെങ്കിലും സമാജ്വാദി പാര്‍ട്ടി, ബിഎസ്പി പോലുള്ള കക്ഷികളും ചില പോക്കറ്റുകളില്‍ സ്വാധീനം നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് ഒരു സീറ്റുണ്ട്. ഇന്ത്യയുടെ ഭാഗമായതിനാല്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ അഖിലേഷ് യാദവ് താല്‍പ്പര്യപ്പെട്ടിരുന്നു. ബിജെപി വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസുമായി സഹകരിച്ച് മത്സരിക്കാന്‍ എസ്പി തീരുമാനിച്ചത്. നാലു മുതല്‍ ആറ് സീറ്റ് വരെ എസ്പിക്ക് നല്‍കാന്‍ നേതൃതലത്തില്‍ ധാരണയിലെത്തിയതായും എസ്പി വൃത്തങ്ങള്‍ അറിയിച്ചു. നാല് സീറ്റ് എസ്പിക്ക് നല്‍കാന്‍ ധാരണയായതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്ങും അറിയിച്ചിരുന്നു. എന്നാല്‍, ഈ ധാരണകളെയെല്ലാം കാറ്റില്‍ പറത്തി, എസ്പിയുടെ സിറ്റിങ് സീറ്റിലടക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, മാത്രമല്ല അഖിലേഷ് യാദവിനെ ആപമാനിക്കുംവിധം ചില പരാമര്‍ശങ്ങളും കമല്‍നാഥില്‍നിന്നുണ്ടായി. ‘ഇന്ത്യ’ എന്ന രാഷ്ട്രീയ ധാരണയെ തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. വന്ദ്യവയോധിക കക്ഷിയുടെ വഞ്ചനയാണിതെന്നും കോണ്‍ഗ്രസ് ഈ രീതിയിലാണ് മതനിരപേക്ഷ ജനാധിപത്യകക്ഷികളോട് പെരുമാറുന്നതെങ്കില്‍ ആരാണ് അവരെ വിശ്വസിച്ച് കൂടെ നില്‍ക്കുക എന്നുമുള്ള അടിസ്ഥാനപരമായ ചോദ്യമാണ് അഖിലേഷ് യാദവ് ഉയര്‍ത്തുന്നത്. പിന്നാക്ക ദളിത്- ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. ഇന്ത്യയില്‍ ആശങ്കയുടെ വിത്ത് പാകിയാല്‍ ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്ന മുന്നറിയിപ്പും അഖിലേഷ് കോണ്‍ഗ്രസിന് നല്‍കി. മധ്യപ്രദേശില്‍ ഇന്ത്യയെ തകര്‍ത്തത് കോണ്‍ഗ്രസ് തന്നെയാണെന്ന് അവസാനം കമല്‍നാഥിനുതന്നെ സമ്മതിക്കേണ്ടി വന്നു. കോണ്‍ഗ്രസിലെതന്നെ ചിലരാണ് സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ത്തതെന്ന് കമല്‍നാഥുതന്നെ കുമ്പസരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും മാതൃകയാക്കുന്നത് കമല്‍നാഥിനെയാണ്. ആര്‍എസ്എസ് ശാഖയ്ക്ക് കാവലിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിക്കാന്‍ മടിയില്ലാത്ത, തന്റെ ബിജെപി പ്രവേശം ആര്‍ക്കും തടയാനാകില്ലെന്ന് വെല്ലുവിളിക്കുന്ന, ആര്‍എസ്എസുമായുള്ള പ്രത്യയശാസ്ത്ര ബന്ധത്തെ ന്യായീകരിക്കാന്‍ മതനിരപേക്ഷവാദിയായ ജവാഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ മടിയില്ലാത്ത കെ സുധാകരനാണ് കെപിസിസിക്ക് നേതൃത്വം നല്‍കുന്നത്. നിയമസഭയിലെത്താന്‍ ബിജെപി വോട്ട് വിലയ്ക്കുവാങ്ങുന്ന, ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വിളക്കു കത്തിക്കുന്ന വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ്. അവരാണിപ്പോള്‍ സിപിഐ എമ്മാണ് ‘ഇന്ത്യ’ യെ തകര്‍ക്കുന്നത് എന്ന് വിലപിക്കുന്നത്. ബിജെപി വന്നാലും പ്രശ്‌നമല്ല സിപിഎം ജയിക്കരുത് എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. ഈ ബിജെപി അനുകൂലനിലപാടാണ് യഥാര്‍ഥത്തില്‍ ഇന്ത്യയെ തകര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!