സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതികിട്ടണമെങ്കില്‍ കേസുമായി മുന്നോട്ടുപോകണം- ഹൈക്കോടതി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ സോളാര്‍ ഗൂഢാലോചന കേസ് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസുമായി മുന്നോട്ട് പോകണം. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഗണേഷ് നിരപരാധി എങ്കില്‍ അതും തെളിയിക്കപ്പെടണം. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കോടതി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.