ദുബൈ നഗരം ഓറഞ്ച് മയം; ചരിത്രം കുറിച്ച് ദുബൈ റണ്‍; പങ്കെടുത്തത് 2.26 ലക്ഷം പേര്‍

ദുബൈ: കായിക രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ദുബൈ. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ് ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്. ദുബൈ റണ്ണിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. എല്ലാ പൂര്‍വ റൊക്കോര്‍ഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികള്‍ ആര്‍ത്തലച്ചെത്തിയത്. ദുബൈ നഗരം ‘ഓറഞ്ചപട’യാല്‍ നിറഞ്ഞ പ്രഭാതം. ആരോഗ്യ സംരക്ഷണത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപന പരിപാടിയായിരുന്നു ദുബൈ റണ്‍. രാവിലെ 6.30ന് ഫ്യൂചര്‍ മ്യൂസിയത്തിന് സമീപത്തായിരുന്നു തുടക്കം. ദുബൈ കിരീടവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം മുന്നില്‍ നിന്ന് നയിച്ച റണ്ണില്‍ ഇത്തവണ 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഏറെ നീളമേറിയതായിരുന്നു റണ്‍ നിര. 5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികള്‍ ഓടാനിറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ‘ഫണ്‍ റണ്‍’ എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 1.93 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തത്. ഇത്തവണ എല്ലാ മുൻ റൊക്കോര്‍ഡുകളും പഴങ്കഥയായി. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിന്‍റെ സന്ദേശമാണ് ദുബെ റണ്‍ പങ്കുവയ്ക്കുന്നത്.

