നൂറില്‍ നൂറ്, 100-ാം ടെസ്റ്റില്‍ സെഞ്ചുറി, 8000 റണ്‍സ് ക്ലബ്ബിലും സ്ഥാനം, വാര്‍ണര്‍ വേറെ ലെവലാണ്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും വാര്ണറിനോളം സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു താരം ഓസ്ട്രേലിയന്‍ ബാറ്റര്മാര്ക്കിടയിലില്ല. ഇപ്പോഴിതാ സെഞ്ചുറി നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിക്കൊണ്ട് വാര്‍ണര്‍ ചരിത്രം കുറിച്ചു. തന്റെ 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടിക്കൊണ്ട് വാര്‍ണര്‍ പുഞ്ചിരിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ 10-ാമത്തെ മാത്രം ബാറ്ററുമാണ് വാര്‍ണര്‍.
144 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെയാണ് താരം മൂന്നക്കം കണ്ടത്. ബൗണ്ടറിയിലൂടെയാണ് താരം സെഞ്ചുറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് വാര്‍ണര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ സെഞ്ചുറിയ്ക്ക് മാറ്റേറും.
വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ 25-ാം സെഞ്ചുറിയാണിത്. രണ്ട് ഇരട്ടസെഞ്ചുറിയും 34 അര്‍ധശതകവും താരത്തിന്റെ അക്കൗണ്ടലുണ്ട്.
100-ാം ടെസ്റ്റില്‍ മറ്റൊരു നേട്ടം കൂടി വാര്‍ണറുടെ അക്കൗണ്ടിലെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. വ്യക്തിഗത സ്കോര്‍ 81-ല്‍ നില്‍ക്കെയാണ് വാര്‍ണര്‍ 8000 ക്ലബ്ബിലെത്തിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. റിക്കി പോണ്ടിങ്. ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കിള്‍ ക്ലാര്‍ക്ക്. മാത്യു ഹെയ്ഡന്, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക് വോ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.

