KSDLIVENEWS

Real news for everyone

കെ.സി. വേണുഗോപാലിനെ ക്ഷണിച്ചില്ല; ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം

SHARE THIS ON

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ  പ്രതിഷേധ മാര്‍ച്ച്. എം ലിജുവിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.  പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെയുള്ളത്. ആലപ്പുഴ ബൈപ്പാസിന്‍റെ സൃഷ്ടി കെ സി വേണുഗോപാലാണ്. അസൂത്രിതമായാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത്. ജി സുധാകരൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും ലിജു പറഞ്ഞു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നി‍ർവഹിക്കുന്നത്. . ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം  റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമാണം വൈകി. ഇതോടൊപ്പം കടൽമണ്ണ് ശേഖരിച്ചുള്ള റോഡ് നിര്‍മ്മാണത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു. 

2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്ലൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തർക്കം തുടർന്നു. ഒടുവിൽ 2009 ൽ ഹൈക്കോടതി വടിയെടുത്തു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ചു. തുടർന്ന് 2012 ൽ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. 

2015 ൽ 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രിൽ 10 ന് വീണ്ടും നിർമാണോദ്ഘാടനം. 2016 ൽ മേൽപ്പാലത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തൂണുകൾ ഉയർന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങിയിരുന്നില്ല. പിണറായി സർക്കാർ അധികാരത്തി‌ൽ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതൽ സമയം ചെലവഴിച്ചത്, റെയിൽവേയുമായുള്ള തർക്കം പരിഹരിക്കാനായിരുന്നു. 2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തി‌ൽ ടാറിംഗും നവീകരണ ജോലികളും തീർന്നു.

6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടയുള്ള മേൽപ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോൾ കളർകോട് നിന്നാണ് ബൈപ്പാസിൻറെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ കൊമ്മാടിയിൽ നിന്നും ബൈപ്പാസിൽ കയറാം. ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവിൽ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാൽ ആറുവരിയായി മാറണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!