പാലത്തില്‍ ഫ്ളക്സ് സ്ഥാപിക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ വെയ്ക്കാന്‍ അവര്‍ക്കാവില്ല- സുധാകരൻ

G Sudhakaran
ആലപ്പുഴ : കേന്ദ്രവും കേരളവും തമ്മിൽ യോജിച്ച് പ്രവർത്തിച്ചതിന്റെ നേട്ടമാണ് ആലപ്പുഴ ബൈപ്പാസ് എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.
കഴിഞ്ഞ സർക്കാരിന്റെ അവസാന വർഷമാണ് ആലപ്പുഴ ബൈപ്പാസിന്റെ ഡിപിആർ തയ്യാറാക്കിയത്. ബൈപാസിന്റെ 15 ശതമാനം പണി അതായത് ഭൂമിയുടെ അടിയിലുള്ള പണികൾ അവർ ചെയ്തിരുന്നു. അത് നന്ദിയോടെ ഓർക്കുന്നു. ബാക്കിയുള്ള പണികളാണ് ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പൂർത്തിയാക്കിയത്. 15 ശതമാനം പണി അവർ ചെയ്തിരുന്നില്ലെങ്കിൽ ബൈപ്പാസ് നിർമാണം ഇനിയും വൈകിയേനെയെന്നും സുധാകരൻ പറഞ്ഞു.
“174 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബൈപ്പാസ് നിർമാണത്തിന് വേണ്ടി ചെലവഴിച്ചു. ഇതിന് പുറമേ റെയിൽവേയുടെ അനുമതിക്കായി 7.5 കോടി രൂപയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയിട്ടുണ്ട്. നാലരവർഷം കൊണ്ട് പിണറായി സർക്കാരിന്റെ നിർമാണചാതുരിയും ശുഷ്കാന്തിയും പ്രതിബദ്ധതയും അസാധ്യമെന്ന് തോന്നുന്നതുപോലും ചെയ്തുകാണിക്കുന്ന രീതിയുമാണ് ഇവിടെ കണ്ടത്. ആർക്കു വേണമെങ്കിലും ഇതേ പ്രതിബദ്ധത കാണിച്ചാൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാനാവും. എന്നാൽ രാഷ്ട്രീയ പ്രചരണങ്ങൾ മാത്രം കാണിച്ച് നടന്നാൽ ഇത് ചെയ്യാനാവില്ല.
ആലപ്പുഴ ബൈപ്പാസ് എല്ലാവരുടേയും വിജയമാണ്. കേരളവും കേന്ദ്രവും ഒരേ പാർട്ടി ഭരിച്ചിട്ടും എന്താണ് ഇത് നടക്കാതിരുന്നത്. ഇപ്പോൾ കേരളവും കേന്ദ്രവും വ്യത്യസ്ത പാർട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടർ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോൾ ബൈപ്പാസ് നിർമാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോൾ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തിൽ ഫ്ലക്സ് വയ്ക്കാനേ അവർക്കാവൂ, ജനഹൃദയങ്ങളിൽ ഫ്ളക്സ് വെയ്ക്കാൻ അവർക്കാവില്ല.
സർക്കാർ പോലും നിയമാനുസൃതമായ ഫ്ളക്സുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങൾ സ്ഥാപിച്ച ബോർഡുകളാണ്. അത്ഭുതപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളും സർക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ ബൈപ്പാസിന് വേണ്ടി കുറച്ചധികം പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. പലതരം പ്രശ്നങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ബൈപ്പാസ് യാഥാർഥ്യമായത്. ബൈപ്പാസിന് വേണ്ടി 174 കോടിയും അപ്രോച്ച് റോഡിനും റെയിൽവേ അനുമതിക്കായി 25 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. ഇത്തരത്തിൽ 200 കോടിയോളം രൂപ സംസ്ഥാനം ചെലവഴിച്ചു. പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് ബൈപ്പാസ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു.

