“കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതികാരക്കൊലയെന്ന് സംശയം
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
സംഭവം പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021-ൽ കുമ്പളങ്ങിയിൽനടന്ന കൊലപാതകത്തിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. അക്രമംനടത്തിയ ഫാജിസ് മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഫാജിസിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.