KSDLIVENEWS

Real news for everyone

സൗദി അറേബ്യയും ഇറാനുമല്ല; പാകിസ്താനെ സഹായിക്കുന്നത് ഈ രാജ്യങ്ങള്‍, യുദ്ധോപകരണം എത്തി

SHARE THIS ON

ഇസ്ലാമാബാദ്: ഇന്ത്യയുമായി കൊമ്ബ് കോര്‍ക്കുന്ന പാകിസ്താനെ സഹായിക്കുന്നത് ആരാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏക രാഷ്ട്രമാണ് പാകിസ്താന്‍.

സൈനിക ശക്തിയിലും ഒട്ടുംപിന്നിലല്ല. എന്നാല്‍ ഇന്ത്യയുടെ ശക്തിക്ക് മുമ്ബില്‍ പാകിസ്താന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞകാല യുദ്ധങ്ങള്‍ തെളിയിച്ചതാണ്.

ഈ വേളയില്‍ ആരാണ് പാകിസ്താന്റെ പുതിയ പങ്കാളികള്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരുകാലത്ത് പാകിസ്താന് ആയുധങ്ങളും പണവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ ഇത്തവണ അമേരിക്ക വിട്ടുനില്‍ക്കുകയാണ്. മാത്രമല്ല, സൗദി അറേബ്യ, യുഎഇ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായത്തിന്റെ പാത സ്വീകരിച്ചിട്ടുമുണ്ട്…

അതിര്‍ത്തി നിരീക്ഷണത്തിന് പാകിസ്താന് ഡ്രോണുകള്‍ കൈമാറി ചൈന കൂടെയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താനിലൂടെ കടന്നുപോകുന്ന ചരക്കുപാത നിര്‍മിച്ചിരിക്കുകയാണ് ചൈന. അതുകൊണ്ടുതന്നെ പാകിസ്താന്‍ അസ്ഥിരപ്പെടുന്നത് ചൈനയ്ക്ക് സാമ്ബത്തികമായി തിരിച്ചടിയാകും. ഈ വേളയിലാണ് സൈനിക സഹകരണം ചൈന തുടരുന്നത്.

തുര്‍ക്കിയുടെ യുദ്ധ വിമാനം

പാകിസ്താനെ സഹായിക്കുന്ന മറ്റൊരു രാജ്യം തുര്‍ക്കിയാണ്. യുദ്ധോപകരണങ്ങള്‍ അടങ്ങുന്ന തുര്‍ക്കി വ്യോമസേനയുടെ സി-130 വിമാനം ഇന്നലെ രണ്ട് നഗരങ്ങളിലായി എത്തി. കറാച്ചിയിലും ഇസ്ലാമാബാദിലുമാണ് തുര്‍ക്കിയുടെ വിമാനം എത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയുമായി പാകിസ്താന് നേരത്തെ സൈനിക സഹകരണമുണ്ട്.

ഇസ്ലാമാബാദില്‍ ആറ് സി-130 വിമാനമാണ് എത്തിയതത്രെ. സാധാരണ ഇത്തരം സൈനിക ഇടപാടുകള്‍ തുര്‍ക്കിയും പാകിസ്താനും നടത്താറുണ്ടെങ്കിലും ഇന്ത്യയുമായി യുദ്ധസാധ്യത നിലനില്‍ക്കുന്ന ഘട്ടത്തിലുള്ള സഹായം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തുര്‍ക്കിയുടെ സൈനിക ചരക്കുകള്‍ എത്തിയ കാര്യം തുര്‍ക്കിയും പാകിസ്താനും സ്ഥിരീകരിച്ചെങ്കിലും മറ്റു വിശദീകരണങ്ങള്‍ നല്‍കിയില്ല.

യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. ചൈന ലോകത്തെ പ്രധാന സൈനിക ശക്തിയുമാണ്. ഇവരുമായുള്ള കൂട്ടാണ് പാകിസ്താന് ധൈര്യം പകരുന്നത്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി. അതേസമയം, അതിര്‍ത്തിയില്‍ ശക്തമായ ഒരുക്കങ്ങളിലാണ് ഇന്ത്യ. ആക്രമണം നടത്തിയവരെ വൈകാതെ കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പാകിസ്താന്റെ സൈനിക വിന്യാസം

പാകിസ്താന്റെ അതിര്‍ത്തി രാജ്യമായ ഇറാന്‍ പക്ഷേ, സമവായ നീക്കങ്ങളാണ് നടത്തുന്നത്. ഇറാനും സൗദിയും ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കാണണെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമ്ബത്തികമായി പാകിസ്താനെ സഹായിക്കുന്ന സൗദി അറേബ്യ പക്ഷേ, യുദ്ധ വേളയില്‍ സൈനിക സഹായം നല്‍കുന്നില്ല. ഇന്ത്യയുമായും വളരെ അടുപ്പം നിലനിര്‍ത്തുന്ന രാജ്യം കൂടിയാണ് സൗദി.

ഇറാനും പാകിസ്താനും അടുത്തിടെ ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്കെതിരെ സൈനികമായി ഇറാന്‍ പാകിസ്താനെ സഹായിക്കില്ല.

പഹല്‍ഗാം ആക്രമണം സംബന്ധിച്ച്‌ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണം എന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ചൈനയും പിന്തുണ നല്‍കുന്നു. റഷ്യയോടും പാകിസ്താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന പരസ്യമായി പാകിസ്താന്റെ പക്ഷം പിടിക്കുന്നതില്‍ ഇന്ത്യയ്ക്ക് അമര്‍ഷമുണ്ട്. അതിനിടെ പാകിസ്താന്‍ സൈനിക വിന്യാസം സജീവമാക്കുന്നു എന്നാണ് മറ്റൊരു വിവരം.

പെന്‍സി, സ്‌കര്‍ദു, സ്വാത് എന്നീ വ്യോമ സേനാ കേന്ദ്രങ്ങള്‍ പാകിസ്താന്‍ സജീവമാക്കി എന്നാണ് റിപ്പോര്‍ട്ട്. എഫ്-16, ജെ-10, ജെഎഫ്-17 എന്നീ യുദ്ധ വിമാനങ്ങള്‍ ഇവിടെ വിന്യസിച്ചിട്ടുണ്ട്. യുദ്ധസാഹചര്യത്തിന് സമാനമായ പട്രോളിങ് നടത്തുന്നുമുണ്ട്. ഈ വേളയിലാണ് ചൈന പാകിസ്താനൊപ്പമെന്ന സന്ദേശം നല്‍കിയിരിക്കുന്നത്. തുര്‍ക്കിയുടെ ആയുധങ്ങള്‍ കൂടി എത്തുമ്ബോള്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!