KSDLIVENEWS

Real news for everyone

സഞ്ജു കസറി; ഹൂഡ തകർത്തു; ഇന്ത്യ തിമിർത്തു! അയർലൻഡിന് 226 റൺസ് വിജയലക്ഷ്യം

SHARE THIS ON

ഡബ്ലിൻ ∙  കരിയറിലെ ആദ്യ അർധസെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസണും (77) മൂന്നാം ട്വന്റി 20 മാത്രം കളിക്കുന്ന ദീപക്  ഹൂഡ (104) സെഞ്ചറിയുമായി കളം നിറഞ്ഞപ്പോൾ അയർലൻഡിനെതിരെ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 225 റൺസെടുത്തു.  

‘ഇന്ത്യൻ ടീമിൽ സഞ്ജുകൂടി വേണ്ടിയിരുന്നു; പ്ലേയിങ് ഇലവനിൽ ഉൾപെടാത്തതിൽ വിഷമം’

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്‌ടമായി. പിന്നീട് അയർലൻഡ് ബോളർമാരെ ഇടം വലം തൊടാൻ അനുവദിക്കാതെ സഞ്ജു സാംസണും ദീപക് ഹൂഡയും അടിച്ചുതകർക്കുന്നതാണ് കണ്ടത്.പല ബോളർമാരെ മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇരുവരും ആക്രമിച്ചു കളിച്ചത് ഇന്ത്യയുടെ റൺനിരക്ക് ഉയരാൻ സഹായിച്ചു. സ്വതസിദ്ധമായ ആക്രമണ ശൈലിയിലാണ് സഞ്ജു കളിച്ചത്. ഇക്കുറി വിക്കറ്റ് സംരക്ഷിച്ചു കളിക്കാനും ശ്രമിച്ചത് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാൻ സഹായകമായി.

കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന ദീപക് ഹൂഡ അനായാസേന ബാറ്റ് ചെയ്‌തു റൺസ് കണ്ടെത്തി. സഞ്ജുവും ഹൂഡയും ചേർന്ന കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ നൽകി. ഇതിനിടെ കരിയറിലെ ആദ്യ അർധസെഞ്ചറി സഞ്ജു സ്വന്തമാക്കി. ഒരു മലയാളി ക്രിക്കറ്റ് താരം രാജ്യാന്തര ക്രിക്കറ്റിൽ നേടുന്ന ആദ്യ അര്‍ധസെഞ്ചറിയാണിത്. അയർലാൻഡ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹൂഡ, സഞ്ജുവിനേക്കാൾ വേഗത്തിൽ സ്‌കോർ ചെയ്തുകൊണ്ടിരുന്നു. 

sanju-samson
സഞ്ജു സാംസൺ. ചിത്രം: ട്വിറ്റർ

ഇന്ത്യയുടെ രണ്ടാം വിക്കറ്റിലെ ഏറ്റവുമുയർന്ന കൂട്ടുകെട്ട് എന്ന നേട്ടവും സഞ്ജു-ദീപക് സഖ്യം സ്വന്തമാക്കി. 2015ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത്-കോലി സഖ്യം നേടിയ 138 റൺ കൂട്ടുകെട്ടാണ് ഇവർ തിരുത്തിയത്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡ് നേട്ടവും സഞ്ജു-ദീപക് കൂട്ടുകെട്ടിനെ തേടിയെത്തി. ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ രോഹിത്-രാഹുൽ സഖ്യം നേടിയ 165 റൺസിന്റെ കൂട്ടുകെട്ടാണ് ഇതോടെ തകർന്നത്. 

അൻപതു പിന്നിട്ട സഞ്ജു പ്രഹരശേഷി ഉയർത്തിയതോടെ ട്വന്റി 20യിലെ ഇന്ത്യയുടെ ഏറ്റവുമുയർന്ന സ്‌കോർ തിരുത്തപ്പെടും എന്ന പ്രതീതി ജനിച്ചു. സെഞ്ചറി നേടുമെന്ന് തോന്നിപ്പിച്ച പ്രകടനം പുറത്തെടുത്ത സഞ്ജു, കളിയുടെ ഗതിക്ക് വിപരീതമായി മാർക് അഡയറിന്റെ യോർക്കറിൽ ബോൾഡായി പുറത്തായി. 42 പന്തിൽ ഒൻപതു ഫോറും നാല് സിക്‌സറും ഉൾപ്പെടെയാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇതിനിടെ ദീപക് ഹൂഡ സെഞ്ചറി നേട്ടം തികച്ചു. ഇന്ത്യയ്ക്കായി രാജ്യാന്തര ട്വന്റി 20യിൽ സെഞ്ചറി നേടുന്ന നാലാമത്തെ താരമായി ഹൂഡ മാറി.   

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. സഞ്ജു കൂടാതെ സ്പിന്നർ രവി ബിഷ്‌ണോയിയും ഹർഷൽ പട്ടേലും ടീമിൽ ഇടം കണ്ടെത്തി. 

ടീം: അയർലൻഡ്: ആൻഡ്രൂ ബാൽബിർനി, ഗാരെത് ഡെലാനി, ഹാരി ടെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്‌റെൽ, മാർക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്‌ഗ്‌ യങ്ങ്, ജോഷ്വ ലിറ്റിൽ. കൊണർ ഒൽഫേർട്. 

ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി, ഉമ്രാൻ മാലിക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!