വിപ്ലവ നക്ഷത്രങ്ങള്‍’ക്ക് എത്ര തിളങ്ങാനാകും?; കനയ്യയും മേവാനിയും കോണ്‍ഗ്രസിലെത്തുമ്പോള്‍

ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായിരിക്കുന്നു. സി.പി.ഐയുടെ വിപ്ലവനക്ഷത്രമായിരുന്ന കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുൽ ഗാന്ധിയിൽനിന്ന് കോൺഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നു.
ഇന്ത്യൻ വിപ്ലവ ഇതിഹാസമായ ഭഗത് സിങിന്റെ ജന്മവാർഷിക ദിനത്തിലാണ് കനയ്യ വിപ്ലവ പാർട്ടിയിൽനിന്നു വലതുപക്ഷ രാഷ്ട്രീയധാരയിലേക്ക് കാലെടുത്ത് വെക്കുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. ജെ.എൻ.യുവിലെ തെരുവുകളിൽ നാളിതുവരെ നടത്തിയ നവ ലിബറൽ നയങ്ങൾക്കെതിരായ പ്രസംഗങ്ങളൊക്കെ കനയ്യയെ തിരിഞ്ഞു കൊത്തുമെങ്കിലും കോൺഗ്രസിന് അതൊരു രാഷ്ട്രീയ വിജയം തന്നെയാണ്. കരുത്താകുമെന്ന് കരുതിയവരെല്ലാം ബി.ജെ.പി. പാളയത്തിലേക്ക് പോകാൻ മത്സരിക്കുമ്പോൾ കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പോലെ രാഷ്ട്രീയ ഉൾക്കാമ്പുള്ള നേതാക്കന്മാർ പാർട്ടിയിലെത്തുന്നത് അടുത്ത പോരാട്ടത്തിനൊരുങ്ങാൻ രാഹുലിന് ഊർജമാകുക തന്നെ ചെയ്യും.https://e7901c4d0af366feb68964296ff2f536.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
പതിറ്റാണ്ടുകൾക്കിടെ സി.പി.ഐ. പോലൊരു പാർട്ടിയിൽനിന്ന് ഉയർന്നുവന്ന് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ അപൂർവം പേരിൽ ഒരാളാണ് കനയ്യ. അതുകൊണ്ടുതന്നെയാണ് സി.പി.ഐ. തങ്ങളുടെ കേഡർ സംവിധാനങ്ങളെല്ലാം മറികടന്ന്, പാർട്ടിയിലെ ജൂനിയറായ കനയ്യയെ പാർട്ടിയിലെ ഉന്നത ഘടകമായ ദേശീയ എക്സിക്യുട്ടീവിൽ എടുത്തതും. പതിറ്റാണ്ടുകളുടെ പാർട്ടി പ്രവർത്തനം കൊണ്ട് മാത്രം ഒരു കേഡർ എത്തുന്ന പാർട്ടിയിലെ ഉന്നത സ്ഥാനത്തേക്ക് കനയ്യ നടന്നു കയറിയതോടെ പാർട്ടിയിൽ മുറുമുറുപ്പുകളും തുടങ്ങിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ പോലും നിരന്തരം ശോഷിച്ചുകൊണ്ടിരിക്കുന്ന പാർട്ടിക്ക് കനയ്യ കരുത്താകുമെന്നായിരുന്നു കനയ്യയെ അനുകൂലിച്ചവർ കരുതിയത്. എന്നാൽ പാർലമെന്ററി മോഹങ്ങളുള്ള, പലപ്പോഴും പാർട്ടി അച്ചടക്കം ലംഘിക്കുന്ന കനയ്യ പാർട്ടിക്ക് ബാധ്യതയാകുമെന്നായിരുന്നു എതിർപക്ഷത്തിന്റെ വാദം.
ജെ.എൻ.യു. വിട്ടശേഷം ബീഹാറിൽ ശ്രദ്ധ കേന്ദ്രീകരിച്ച കനയ്യ, ബെഗുസരായിയിൽ മത്സരിച്ചപ്പോഴും പാർട്ടിയിലെ പ്രശ്നങ്ങൾ വലിയ രീതിയിൽ തല പൊക്കിയിരുന്നു. ബീഹാറിലെ ലെനിൻഗ്രാഡ് എന്നറിയപ്പെട്ട, സി.പി.ഐക്ക് വലിയ സ്വാധീനമുള്ള ബെഗുസരായിയിൽ കനയ്യ മത്സരിക്കാനിറങ്ങിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. പാർട്ടി സംവിധാനങ്ങളുടെ കരുത്തും തന്റെ ജനസ്വാധീനവും ചേരുമ്പോൾ വിജയം എളുപ്പമാണെന്ന് കനയ്യ കരുതി.null
ക്രൗഡ് ഫണ്ടിങ്ങിലൂടെ ലക്ഷങ്ങൾ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ച് കനയ്യ തുടക്കം ഗംഭീരമാക്കി. പക്ഷെ, പാർട്ടി ബീഹാർ നേതൃത്വവും കനയ്യയും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ആരംഭിച്ചു. പാർട്ടിയുടെ പരമ്പരാഗത തിരഞ്ഞെടുപ്പ് രീതികൾക്ക് കനയ്യ വഴങ്ങിയില്ല. ഒരു ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വത്തിൽനിന്ന് മാറ്റി ജെ.എൻ.യു. സുഹൃത്തുക്കളും കനയ്യയുടെ എൻ.ജി.ഒ. സംഘവും ഏറ്റെടുത്തു. പക്ഷെ, വീശിയടിച്ച ബി.ജെ.പി. തരംഗത്തിൽ കനയ്യ വൻ പരാജയം ഏറ്റുവാങ്ങി.

ഇതിന് ശേഷമാണ് കനയ്യയെ ദേശീയ എക്സിക്യൂട്ടിവിലേക്ക് സി.പി.ഐ. തിരഞ്ഞെടുക്കുന്നത്. ഇതോടെ പ്രവർത്തനം ഡൽഹിയിൽ കേന്ദ്രീകരിച്ചതോടെ സി.പി.ഐ. ദേശീയ നേതൃത്വമായി കനയ്യ മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കനയ്യക്ക് സീറ്റ് നൽകാൻ പോലും സി.പി.ഐ. തയ്യാറായില്ല. പ്രചാരണ രംഗത്തുനിന്ന് പോലും കനയ്യ പലപ്പോഴും മാറിനിന്നു. ഇതിനിടയിൽ തന്നെ പുതിയ വഴികൾ കനയ്യ അന്വേഷിച്ചു തുടങ്ങിയിരുന്നു. ആദ്യം ജെ.ഡി.യു. ആയിരുന്നു ലക്ഷ്യംവച്ചിരുന്നത്. ഇത്തരം ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാർട്ടിയിലേക്ക് നേതാക്കന്മാരെ അന്വേഷിച്ചിറങ്ങിയ രാഹുലിന്റെ ദൂതൻമാർ കനയ്യയിലേക്കെത്തിയത്. വർഗ്ഗരാഷ്ട്രീയത്തിന്റെ ‘ബാധ്യതകൾ’ ഒന്നും കാര്യമായി പേറാത്ത കനയ്യയിലെ പ്രായോഗികവാദിയായ രാഷ്ട്രീയക്കാരൻ അവസാനം ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.
ഇത് ആദ്യമായല്ല ജെ.എൻ.യുവിലെ ഇടത് വിപ്ലകാരികൾ രാഹുൽ പാളയത്തിൽ എത്തുന്നതെന്നാണ് മറ്റൊരു രസകരമായ വസ്തുത. AISAയിൽ നിന്നുള്ള മുൻ ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമാരായ സന്ദീപ് സിങ്ങും മോഹിത് പാണ്ഡേയും ഇന്ന് കോൺഗ്രസ്സിന്റെ ബുദ്ധികേന്ദ്രങ്ങളാണ്. യു.പിയിൽ പ്രിയങ്കയുടെ ക്യാമ്പിനെ നയിക്കുന്നത് സി.പി.ഐ.(എം.എൽ.) ലിബറേഷൻ അവരുടെ ഭാവി നേതൃത്വമായി കരുതിയിരുന്ന സന്ദീപ് സിങ്ങാണ്. മോഹിത് പാണ്ഡേ നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉത്തർപ്രദേശ് ഘടകത്തിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ തലവനും.null
ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയാണ് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദളിത് സംഘടനകളെ ഏകോപ്പിച്ചിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ജിഗ്നേഷിനായിരുന്നു.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. കൂടിയാണ് ജിഗ്നേഷ്. സ്വതന്ത്രനായി മത്സരിച്ച ജിഗ്നേഷിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ചരിത്രപരമായി കോൺഗ്രസിനൊപ്പം നിന്നിരുന്ന വാദ്ഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെയാണ് ജിഗ്നേഷിന് പിന്തുണയർപ്പിച്ചിരുന്നത്. രാഹുൽ ഗാന്ധിയടക്കം ജിഗ്നേഷിന്റെ പ്രചാരണത്തിനുമെത്തിയിരുന്നു.
ഗുജറാത്ത് വീണ്ടും നിയസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന ഘട്ടത്തിലാണ് ജിഗ്നേഷിനെ കോൺഗ്രസ് കൂടാരത്തിലെത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നഷ്ടപ്പെട്ട ദളിത് വോട്ട് ബാങ്ക് തിരിച്ചുപിടിക്കുകയാണ് ജിഗ്നേഷ് മേവാനിയെ പാർട്ടിയിലെത്തിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

